"ചിറകുവിരിയിക്കട്ടെ നിങ്ങളുടെ കായിക സ്വപ്നങ്ങൾ" ഒപ്പമുണ്ട് അഡ്വ.പി.വി.ശ്രീനിജനും എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലും
(എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും ആയ അഡ്വ.ശ്രീ പി.വി. ശ്രീനിജൻ)
"എല്ലാവർക്കും സ്പോർട്സ്" എന്ന ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളും പദ്ധതികളും പൂർണമായി തന്നെ എറണാകുളം ജില്ലയിൽ വിജയപഥത്തിലെത്തിക്കാൻ അമരക്കാരനായി സ്പോർട്സ് പ്രേമികൾക്ക് ലഭിച്ചിരിക്കുന്നത് കായിക പ്രേമിയും പ്രതിഭയുമായ ശ്രീനിജനെത്തന്നെയെന്നത് അഭിമാനകരമായ നേട്ടമാണ്. കഴിഞ്ഞ പതിനാറ് വർഷക്കാലം ഒരു മന്ത്രി തന്നെ ഈ പദവി അലങ്കരിച്ചിട്ടും ജില്ലയിലെ കായിക പ്രേമികൾക്ക് എന്ത് നേട്ടം ഉണ്ടായി എന്ന് ചോദിച്ചാൽ അതിനൊരു വ്യക്തമായ മറുപടി ലഭിക്കുക പ്രയാസമാണ്. എന്നാൽ പോയ കാല ചരിത്രങ്ങൾ ചികഞ്ഞ് സമയം കളയാതെ വർത്തമാനകാലത്ത് ജില്ലയിൽ ഒരു പുത്തൻ ഉണർവ്വ് നൽകി കൊണ്ട് ഭാവിയിലേക്ക് രാജ്യാന്തര തലത്തിൽ തന്നെ കായിക പ്രതിഭകളെ സജ്ജരാക്കുന്നതിലേക്ക് കർമ്മപദ്ധതികൾ നടപ്പാക്കി കഴിഞ്ഞു. ശ്രീ ശ്രീനിജന്, ഒരു പക്ഷേ അതിനുള്ള അംഗീകാരം തന്നെയാവാം അടുത്ത ദിവസങ്ങളിൽ ഫൂട്ബോൾ പ്രേമികൾ ജില്ലയിലെ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റായി അവരോധിച്ചതും. സാധാരണ ഗതിയിൽ ഈ പദവികളിൽ നോമിനി എന്ന ഓമനപ്പേരിൽ വേണ്ടപ്പെട്ടവരുടെ ഇഷ്ടക്കാരെ അവരോധിച്ചു ഇരുത്തുന്ന സമ്പ്രദായം ആയിരുന്നു. എന്നാൽ ശ്രീനിജനാകട്ടെ തികച്ചും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടു തന്നെയാണ് ഇവിടെയെത്തിയത്. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ സ്പോർട്സിൽ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു. സെന്റ് പോൾസ്, കലാലയത്തിൽ കോളേജ് ക്യാപ്റ്റനായി കായിക രംഗത്തുണ്ടായിരുന്നതും സംസ്ഥാന ജൂനിയർ, സബ്ബ് ജൂനിയർ താരമായി തന്നെ മുൻനിരയിലുണ്ടായതുമാണ്. 1952ൽ രൂപീകരിച്ച "ഈഗിൾ" ക്ലബിലും പിന്നീട് ആൾ ഇൻഡ്യ ഫുട്ബോൾ ഫെഡറേഷൻ സെക്കന്റ് ഡിവിഷൻ ലീഗിൽ കളിക്കുവാനുള്ള യോഗ്യതയും നേടിയിട്ടുള്ള ആളാണ്.
സംസ്ഥാന ക്ലബ്ബ് ചാമ്പ്യൻഷിപ്പ് നടത്തിപ്പിന്റെ പ്രധാന സംഘാടകനും കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ കയ്യിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വിജയകരമായി തന്നെ കുതിക്കുമെന്ന് കായിക പ്രേമികൾ ഒരേ സ്വരത്തിൽ പറയുന്നു.ശ്രീനിജന്റെ വാക്കുകളിൽ നമുക്ക് ചുറ്റും അനേകം ഐ, എം.വിജയൻമാരും, പി.ടി.ഉഷ മാരും നിരവധി ഉണ്ട്. നാം അവരെ കണ്ടെത്തുക കരുതലോടെ കായിക ലോകത്ത് എത്തിക്കുക, അവർക്ക് പരിശീലനം, ഭക്ഷണം, ജീവിത സുരക്ഷ എന്നിവ ഒരുക്കി കൊടുക്കുക എങ്കിൽ അവർ ഉറപ്പായും ഈ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തും, അതിന്റെ ഒരു തുടക്കം മാത്രമാണ് ഇടതുപക്ഷ സർക്കാരും കായിക മന്ത്രിയും വളരെ താത്പര്യപൂർവ്വം തുടക്കം കുറിച്ച ഓപ്പറേഷൻ ഒളിമ്പിയ എന്ന പദ്ധതി, അത് ഈജില്ലയിൽ വിജയകരമായി തന്നെ നടപ്പാക്കും - ഇതിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം, ഭക്ഷണം മുഴുവൻ സമയ കായികപരിശീലനം: ശാസ്ത്രീയമായ രീതിയിൽ തന്നെ പരിശീലന കളരികൾ, ഇതോടൊപ്പം പാഠ്യപദ്ധതികൾ പൂർത്തിയാക്കാൻ സൗജന്യ ട്യൂഷൻ സൗകര്യങ്ങൾ മുതലായവ നൽകുന്നു.
സ്പോർട്സു് കൗൺസിലിന്റെ ഭരണ കാലാവധിയായ അഞ്ച് വർഷം കൊണ്ട് രാജ്യാന്തര തലത്തിൽ തന്നെ ജില്ല യെ അഭിമാനകരമായ, വിജയത്തിന്റെ നിറുകയിലെത്തിക്ക എന്ന ലക്ഷ്യം പൂർത്തിയാകുന്നതിന് ഇതുപോലുള്ള നിരവധി പദ്ധതികൾ തുടങ്ങി കഴിഞ്ഞു.നാല്പത്തി രണ്ട് കായിക ഇനങ്ങൾ ഉൾകൊള്ളിച്ചാണ് ജില്ലാ സ്പോർട്സ് കൗൺസിൽ രൂപപ്പെടുത്തിയിട്ടുള്ളത് 'ജില്ലയിലെ മുഴുവൻ കായിക താരങ്ങളെയും സർക്കാരിന്റെ കായിക നയത്തിന്റെ ഭാഗമായി മത്സരങ്ങളിൽ പങ്കെടുപ്പിക്കുക, അവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുക ജില്ലാ സംസ്ഥാന തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുക പരിശീലനങ്ങളും ബോധവൽക്കരണങ്ങളും നൽകുക ഇതെല്ലാം സ്പോർട്സ് കൗൺസിലിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്, കായിക വിദ്യാർത്ഥികൾക്ക് സർക്കാർ നടപ്പാക്കുന്ന പല കാര്യങ്ങളും ഉപയോഗപ്പെടുത്താൻ സാധിക്കാത്തത് ഇത് സംബന്ധിച്ച് അറിവു് ലഭിക്കാത്തതിനാലായിരുന്നു. ഉദാ: നീന്തൽ അറിയാമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സർട്ടിഫൈ ചെയ്താൽ അധികമായ് രണ്ട് മാർക്ക് ഗ്രേസ് മാർക്കായ് ലഭിക്കുമെന്ന് പലർക്കും അറിയില്ല നമ്മുടെ ഗ്രാമങ്ങളിലുള്ള പല കുട്ടികൾക്കും നീന്തലറിയാവുന്നവരാണ്, പത്താം ക്ലാസ്സ് കഴിഞ്ഞു ഉയർന്ന ക്ലാസ്സുകളിലേക്ക് ഈ രണ്ട് മാർക്ക് വളരെയെറെ ഉപകാരപ്പെടുമെന്നുറപ്പാണ്.
നാട്ടിൻ പുറത്ത് ഉള്ള ക്ലബ്ബുകളിൽ കളിക്കുന്ന എല്ലാ കായിക താരങ്ങൾക്കും തികച്ചും സൗജന്യമായി തന്നെ കായിക ഉപകരണങ്ങൾ നൽകുന്നു. പരിശീലനങ്ങളും നൽകുന്നു. ജില്ലാ സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ ക്ലബ്ബുകൾക്കം നാട്ടിൻ പുറത്തായാലും നഗരപ്രദേശങ്ങളിലായാലും, തികച്ചും സൗജന്യമായി തന്നെയാണ് അവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നത്. ഇത് സർക്കാരിന്റെ "കിക്കോഫ്" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടാണ്. അതുപോലെ എലെറ്റ് സ്കീം: ജില്ലയിൽ വിജയകരമായി നടത്തി കൊണ്ടിരിക്കുന്നു. ഭക്ഷണത്തിന്റെയോ 'പരിശീലനത്തിന്റെയോ അഭാവത്തിൽ ആരും കായിക ലോകത്ത് എത്തിപ്പെടാതിരിക്കയോ, എത്തിപ്പെടുന്നവർ അവർ സ്വപ്നം കണ്ട കായിക ലോകത്ത് എത്താതിരിക്കയൊ ചെയ്യരുതെന്നും, ജില്ലാ സ്പോർട്സ് കൗൺസിലിന് നിർബന്ധമുണ്ട്, ഈ സർക്കാർ കായിക താരങ്ങൾക്ക് ഒപ്പമുണ്ട് അവരെ കരുതലോടെ കൂടെ നിർത്താൻ ജില്ലാ സ്പോർട്സ് കൗൺസിലും സാരഥി പി.വി.ശ്രീനിജനും.
Comments (0)