ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം തുടങ്ങി

ബാലഗോകുലം 44-ാമത്   സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് സാഹിത്യ അക്കാഡമിഹാളില്‍ തുടക്കമായി. സമ്മേളനത്തിന് തുടക്കം കുറിച്ച് കല-സംസ്‌കാരം-മാധ്യമം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ബാലഗോകുലം ചാലക്കുടി ജില്ലാ അധ്യക്ഷന്‍ കെ.ഹരി ആ മ്പല്ലൂര്‍ ഉദ്ഘാടനം ചെയതു, സ്വാഗത സംഘംപ്രവര്‍ത്തനാധ്യക്ഷനും ജനം ടിവി എംഡിയുമായ പി.വിശ്വരൂപന്‍ അധ്യക്ഷനായി. വിശ്വകുടുംബമെന്ന പരമ്പരാഗത സംസ്‌കാരം ഇന്ന് വിശ്വവ്യാപാരമെന്ന സങ്കല്‍പ്പത്തിലേക്കാണ് മാറിയിരിക്കുന്നതെന്ന് ആത്മഫൗണ്ടേഷന്‍ ഡയറക്റ്റര്‍ സി.കെ.സുരേഷ് കുമാര്‍ പറഞ്ഞു. പരസ്പരമത്സരമെന്ന സ്വഭാവത്തെ മാറ്റി കുടുംബത്തിന്റെ മൂല്യത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതംപാഠ്യപദ്ധതിയില്‍ ഇടപെടുന്നതിന്റെ ദുരന്തം സാംസ്‌കാരികമായ തിരിച്ചറിവിന്റെ കടക്കലാണ് കത്തിവക്കുന്നതെന്ന് ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍  പറഞ്ഞു. ബാല്യത്തില്‍ എങ്ങനെ ജീവിതത്തെ തിരിച്ചറിയുന്നു, പ്രകൃതിയുമായി എങ്ങനെ സംവദിക്കുന്നു എന്നതിലൂടെയാണ് സംസ്‌കാരം ഉരുത്തിരിയുന്നത്. എന്നാല്‍ ചിന്തകളിലും ജീവിത ശൈലികളിലുമുള്ള കടന്നുകയറ്റങ്ങളിലൂടെ ഈ സാംസ്‌കാരിക വികാസത്തെ മുരടിപ്പിക്കുകയാണ്. ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളുടെ വേരറുത്തു മാറ്റുകയെന്ന പ്രവണത 1960 മുതല്‍ക്കേ സജീവമാണ്. ലഹരിയില്‍ പിറവിയെടുക്കുന്ന സാഹിത്യങ്ങള്‍ സാംസ്‌കാരിക മൂല്യച്യുതികളിലേക്കായിരുന്നു ഒരു കാലഘട്ടത്തിന്റെ യുവതലമുറയെ കൂട്ടിക്കൊണ്ടുപോയത്, ഈ പ്രവണതളുടെ മറ്റൊരു തലമാണ് സിനിമകളിലും നടക്കുന്നത്. അതൊക്കെ കൊണ്ടു തന്നെ സിനിമകളും യഥാര്‍ത്ഥകലയില്‍ നിന്ന് അകലം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവിഷ്‌കാരത്തിന്റെ സ്വാതന്ത്ര്യം സാംസ്‌കാരിക മൂല്യത്തി്‌ന്റെ പരിധി പാലിക്കേണ്ടതുണ്ടെന്ന് കേസരി പത്രാധിപര്‍ എന്,ആര്‍.മധു പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ ആഭാസമാവുന്നതാവരുത് കലാസൃഷ്ടികള്‍, മറിച്ച് മണ്ണി്‌ന്റെ മണമുള്ള സാംസ്‌കാരിക പൈതൃകത്തിലൂന്നിയ സൃഷ്ടികളാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ദാസ്, സുനില്‍, എം.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നു(9-7-19,ചൊവ്വ) നടക്കുന്ന സെമിനാറില്‍ പ്രൊഫ.എം.വി.നടേശന്‍, പി.സുരേന്ദ്രന്‍, ഡോ.പി.വി.കൃഷ്ണന്‍ നായര്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.