പന്ത്രണ്ടാം നിലയിൽനിന്നു വീണ കുഞ്ഞിനെ താങ്ങിയെടുത്ത ഡെലിവറി ബോയ്... വിഡിയോ വൈറൽ

ആരും സ്തംബ്ധിച്ച് പോകുന്ന സംഭവങ്ങളാണ് ഞായറാഴ്ച ഹനോയില്‍ നടന്നത്. പന്ത്രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് രണ്ടരവയസുകാരി കൈവഴുതി താഴേക്ക് വീണു. ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ദൈവത്തിന്റെ കൈകള്‍ എന്നു പറയുന്നതു പോലെ ഒരു ഡെലിവറി ബോയി ആ കുഞ്ഞിനെ രക്ഷിക്കാനായി എത്തുകയായിരുന്നു. മരണത്തിന്റെ കൈകളില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച ആ ഡെലിവറി ബോയി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.ഓര്‍ഡര്‍ ചെയ്ത സാധനം കൊടുക്കാന്‍ വേണ്ടി ക്ലൈന്റിനെ കാത്ത് കാറിലിരിയ്ക്കുകയായിരുന്നു ഡെലിവറി ബോയ് എന്‍യുഎന്‍ എന്‍ഗോക് മാന്‍ (31). അപ്പോഴാണ് അടുത്തുളള കെട്ടിടത്തില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ആദ്യം അതു ശ്രദ്ധിച്ചില്ല. പിന്നാലെയാണ് രക്ഷിക്കണേ എന്ന് ആരോ അലറി വിളിക്കുന്നത് കേട്ടത്. ഇതോടെ കാറില്‍ നിന്നു ചാടിയിറങ്ങിയ മാന്‍ കണ്ട കാഴ്ച ഞെട്ടിപ്പിയ്്ക്കുന്നതായിരുന്നു. അടുത്തുള്ള 16 നിലക്കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ഒരു കുഞ്ഞ് തൂങ്ങിക്കിടന്നു കരയുന്നു. അതു കണ്ട അടുത്തുള്ള കെട്ടിടത്തിലെ ആരോ ആണ് സഹായത്തിന് അലറിയത്.മാന്‍ പെട്ടെന്നു കാറിന്റെ മുകളില്‍ക്കയറി രണ്ടു മീറ്റര്‍ ഉയരമുള്ള സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്കു പിടിച്ചു കയറി. കുഞ്ഞ് നിലത്തു വീണാല്‍ പിടിക്കാന്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മേല്‍ക്കൂര വളഞ്ഞതായതിനാല്‍ അയാളുടെ കാലിടറി ഇരുന്നു പോയി. പെട്ടെന്ന് കുഞ്ഞിന്റെ പിടി വഴുതി താഴേക്കു വീണു. മാന്‍ കുട്ടിയെ പിടിക്കാന്‍ കൈനീട്ടി. കൈയില്‍ കിട്ടിയില്ലെങ്കിലും കുട്ടി അയാളുടെ മടിയിലാണ് വീണത്. കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും വായില്‍ നിന്നു ചോര വരുന്നതു കണ്ട മാന്‍ അതിനെ ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ കുഞ്ഞിന്റെ ഡിസ്‌ക് തെറ്റിയിരുന്നു. എങ്കിലും ജീവന് അപകടമില്ലാതെ കുഞ്ഞ് രക്ഷപ്പെട്ടു.