പുതുവത്സര രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണം' നഷ്‌ടമായത് 11.11 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍
കൊച്ചി: പുതുവത്സര രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. പുതുക്കലവട്ടത്ത് പൊതു മരാമത്ത് വകുപ്പില്‍ ഇലക്‌ട്രിക്കല്‍ കരാറുകാരനായ പ്ലാസിഡിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 11.11 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടമായി. വീട്ടുകാര്‍ ബന്ധുവിന്റെ വിവാഹത്തിന് രണ്ട് ദിവസമായി ചുള്ളിക്കലിലായിരുന്നു. വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി അലമാരയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
അലമാരയുടെ ലോക്ക് പൊളിച്ച ശേഷം അകത്ത്‌നിന്ന് താക്കോല്‍ കണ്ടെത്തി ലോക്കര്‍ തുറന്നാണ് സ്വര്‍ണമെടുത്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. വീടിന്റെ താക്കോല്‍ സമീപത്തെ ബന്ധുവിന്റെ പക്കല്‍ ഏല്‍പിച്ചിരിക്കുകയായിരുന്നു.
അവിടുത്തെ കുട്ടി രാവിലെ നോക്കിയപ്പോഴാണ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വീട്ടുടമയെയും പോലിസിനെയും വിവരമറിയിച്ചതിന്റെ അടിസ്‌ഥാനത്തില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം നഷ്‌ടമായെന്ന് വ്യക്‌തമായത്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി. മോഷ്‌ടാവിനെ പിടികൂടാന്‍ ഊര്‍ജിതമായ ശ്രമം നടത്തിവരുന്നതായി പോലിസ് പറഞ്ഞു. സ്‌ഥലത്ത് സി.സി.ടി.വി ഇല്ലാത്തതിനാല്‍ അന്വേഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രദേശത്തേക്കുള്ള വഴിയിലും മറ്റും രാത്രിയില്‍ സംശയാസ്‌പദമായി കണ്ട ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ടു.
നഷ്‌ടപ്പെട്ട ആഭരണങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് വ്യക്‌തമാക്കി. സി.ഐ വി.ആര്‍. സുനില്‍, എസ്.ഐമാരായ ബിബിന്‍, രാജു, എ.എസ്.ഐ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ഏലൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് 300 പവന്‍ മോഷണം നടത്തിയ കേസിലെ പ്രതികളെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെച്ച് പിടികൂടിയിരുന്നു.
Comments (0)