കത്തോലിക്ക സഭക്ക് ബി.ജെ.പി അസ്പൃശ്യരല്ലെന്നും മോദി സർക്കാറുമായുള്ള സൗഹൃദബന്ധം തുടരും
ന്യൂഡൽഹി: കത്തോലിക്ക സഭക്ക് ബി.ജെ.പി അസ്പൃശ്യരല്ലെന്നും മോദി സർക്കാറുമായുള്ള സൗഹൃദബന്ധം തുടരുമെന്നും പ്രധാനമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം കത്തോലിക്ക സഭ നേതാക്കൾ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ അസ്പൃശ്യരായി മാറ്റിനിർത്തുന്നത് ക്രിസ്തീയ വിശ്വാസത്തിനെതിരാണെന്നും പ്രധാനമന്ത്രിയും തങ്ങളും ചർച്ചയിൽ സന്തുഷ്ടരാണെന്നും സഭ നേതാക്കൾ ന്യൂഡൽഹിയിൽ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ക്രൈസ്തവ സഭകളെ ബി.ജെ.പിയുമായി അടുപ്പിക്കുന്നതിന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുൻകൈ എടുത്താണ് ചർച്ച ഒരുക്കിയത്. തങ്ങൾ ഉന്നയിച്ച വിഷയങ്ങളെല്ലാം കേട്ട് വളരെ തുറന്ന മനോഭാവത്തോടെയാണ് മോദി സംസാരിച്ചതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ചില വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള ബുദ്ധിമുട്ടും വ്യക്തമാക്കി. തുടർസംഭാഷണങ്ങൾക്ക് പ്രധാനമന്ത്രി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുരോഗമനപരമായ സമീപനമാണ് ഈ സർക്കാറിൽനിന്നും ലഭിക്കുന്നത്. ക്രിസ്ത്യൻ സമുദായവും കേന്ദ്ര സർക്കാറും തമ്മിൽ ഒരു ശത്രുതയുമില്ല.
രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ മോദിക്കു മുന്നിൽ ഉന്നയിച്ചിട്ടില്ലെന്നും ഇൗയിടെ അത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്നും ആലഞ്ചേരി വ്യക്തമാക്കി. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു നേരെ ബി.ജെ.പി സർക്കാർ ആക്രമണം നടത്തുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികൾ പറയുന്നതെന്നും അത് തള്ളിക്കളയുകയാണോ എന്നും ചോദിച്ചപ്പോൾ, അവർ പറയുന്നതിനുത്തരം കൊടുക്കണോ എന്ന് ആലഞ്ചേരി തിരിച്ചുചോദിച്ചു.
കേരളത്തിൽ ഒരു മുന്നണി എന്ന് സഭ പറയുന്ന രീതി അവസാനിച്ചിട്ട് വർഷങ്ങളായി. ഒാരോ തെരെഞ്ഞടുപ്പുകളും മുന്നണികളുടെ കണ്ണു തുറപ്പിക്കേണ്ട യാഥാർഥ്യങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പ് നാം കണ്ടു. അതിെൻറ ഫലമനുസരിച്ച് എൽ.ഡി.എഫായാലും യു.ഡി.എഫായാലും അവരുടേതായ പ്രകടനപത്രികകളിൽ മാറ്റങ്ങൾ വരുത്തുമായിരിക്കാമെന്നും ആലഞ്ചേരി പറഞ്ഞു.
Comments (0)