ഹിന്ദു വിശ്വാസികൾക്കും വിശ്വാസികൾക്കും എതിരെയുള്ള നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകിയ നടപടി സർക്കാർ പിൻവലിക്കണം - തുഷാർ വെള്ളാപ്പള്ളി

ഹിന്ദു വിശ്വാസികൾക്കും വിശ്വാസികൾക്കും എതിരെയുള്ള നോവലിന് കേരള സാഹിത്യ അക്കാദമി  പുരസ്കാരം നൽകിയ നടപടി സർക്കാർ പിൻവലിക്കണം - തുഷാർ വെള്ളാപ്പള്ളി

ഹിന്ദുവിശ്വാസങ്ങളേയും നമ്മുടെ സഹോദരിമാരേയും വികലമാക്കി ചിത്രീകരിച്ച കുപ്രസിദ്ധ നോവലിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം നല്‍കി ആദരിക്കുന്നത് ഹിന്ദുക്കളോടുള്ള കൊടിയ വഞ്ചനയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരാണെന്ന വ്യക്തമായ സന്ദേശം തന്നെയാണ് ഇതിലൂടെ വീണ്ടും വ്യക്തമാക്കുന്നത്. ഹൈന്ദവ വിശ്വാസികളോട് മാത്രമുള്ള ഇത്തരം വെല്ലുവിളി ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന പണിയല്ല.

 

ഹൈന്ദവ വിശ്വാസത്തെയും സ്ത്രീ സമൂഹത്തേയും അവഹേളിച്ച ' മീശ 'എന്ന വിവാദ നോവലിന് അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തിലൂടെ കേരള സാഹിത്യ അക്കാദമിയോടുള്ള പൊതുസമൂഹത്തിന്‍റെ വിശ്വാസം നഷ്ടപ്പെടുത്തിക്കളഞ്ഞു. പ്രസ്തുത നോവല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ മാതൃഭൂമി പോലും വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് തുടര്‍പ്രസിദ്ധീകരണം നിറുത്തിയത് നാം കണ്ടതാണ്. എന്നിട്ടും സാഹിത്യ അക്കാദമി പോലെ മതേതര സാംസ്ക്കാരിക മൂല്യം എന്നും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമുള്ള ഒരു സര്‍ക്കാര്‍ കേന്ദ്രം അവിശ്വാസികളെ സുഖിപ്പിക്കാനും ഇടതുസര്‍ക്കാരിനെ കുളിരണിയിപ്പിക്കാനുമായി ഹിന്ദു സമൂഹത്തെ ചവിട്ടിമെതിക്കാന്‍ കൂട്ടുനിന്നത് ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കില്‍ അത് പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞ് മാപ്പ് പറയണം. അല്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.

 

ഹിന്ദുവിഭാഗത്തെ അവഹേളിക്കുന്ന കാര്യങ്ങളെല്ലാം ആവിഷ്ക്കാര സ്വാതന്ത്ര്യവും, ന്യൂനപക്ഷ മതവിഭാഗങ്ങളെ ആരെങ്കിലും അവഹേളിച്ചാല്‍ അത് മതേതരത്ത്വത്തിനു നേരെയുള്ള കടന്നുകയറ്റവും എന്നതാണ് കേരളത്തിന്‍റെ പുതിയ സിദ്ധാന്തം. ആ മാനസികാവസ്ഥയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും പ്രതിപക്ഷവും ഒരേ നാണയത്തിന്‍റെ ഇരുവശം തന്നെയാണ്. വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളേയും മതത്തിന്‍റെ പേരില്‍ വേര്‍തിരിച്ചു കാണുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ജനാധിപത്യ മതേതരത്വത്തിന്‍റെ നിലനില്‍പ്പിന് അത് അനിവാര്യമാണ്. അത് സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ തന്നെ ഇത്തരം അവഹേളനങ്ങള്‍ക്ക് പുരസ്ക്കാരം നല്‍കി പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസികള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണ്.

 

അതുകൊണ്ട് സാഹിത്യ അക്കാദമിയുടെ ഈ ഹൈന്ദവ അവഹേളനത്തിനെതിരെ ഇടതു സര്‍ക്കാര്‍ ഇടപെട്ട് ഇപ്പോള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന അവാര്‍ഡ് പിന്‍വലിക്കണമെന്നു ആവശ്യപ്പെടുന്നു.

- തുഷാർ വെള്ളാപ്പള്ളി