താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ : സ്റ്റേ നീട്ടി ഹൈക്കോടതി ; ഉത്തരവുകൾ നടപ്പാക്കരുത്
കൊച്ചി: സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തുടര്നടപടികളിെല സ്റ്റേ ഹൈകോടതി ഏപ്രില്‍ എട്ടുവരെ നീട്ടി. ഹരജി തീര്‍പ്പാകുംവരെ കോടതിയുടെ അംഗീകാരമില്ലാതെ സ്ഥിരപ്പെടുത്തല്‍ ഉത്തരവിറക്കുകയോ നടപ്പാക്കുകയോ ചെയ്യരുതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു. സി ഡിറ്റില്‍ 114 പേരെ സ്ഥിരപ്പെടുത്തിയ ഫെബ്രുവരി നാലിലെ ഉത്തരവടക്കം 10 സ്ഥാപനങ്ങളിലേക്കുള്ള സ്ഥിര നിയമന നടപടികള്‍ ചോദ്യംചെയ്ത് അടൂര്‍ സ്വദേശി എസ്.വിഷ്ണു ഉള്‍പ്പെടെ പി.എസ്.സി റാങ്ക് പട്ടികയിലുള്‍പ്പെട്ട ആറ് ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സ്ഥിരപ്പെടുത്തലിലെ തുടര്‍നടപടികള്‍ നീട്ടിവെക്കണമെന്നും തല്‍സ്ഥിതി തുടരണമെന്നും മാര്‍ച്ച് നാലിന് ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.ഇതിലെ സ്റ്റേയാണ് വീണ്ടും നീട്ടിയത്. സ്പെഷല്‍ റൂള്‍സ് പ്രകാരമാണോ ഉത്തരവിറക്കിയതെന്നതടക്കം വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് എതിര്‍കക്ഷികളായ സര്‍ക്കാറിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കിയ കോടതി ഹരജി ഏപ്രില്‍ എട്ടിലേക്ക് മാറ്റി. സി ഡിറ്റിലേത് കൂടാതെ കെല്‍ട്രോണ്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ്, കെ ബിപ്, നാഷനല്‍ കയര്‍ റിസര്‍ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്കോള്‍ കേരള, ഹോര്‍ട്ടികോര്‍പ്, സംസ്ഥാന വനിത കമീഷന്, കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്വയണ്മെന്റല് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ പുറപ്പെടുവിച്ച ഉത്തരവുകളാണ് ഹരജിക്കാര്‍ ചോദ്യംചെയ്തത്. സ്ഥിര നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന ഉമാദേവി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരുടെ വാദം. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവിന് വിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നത് കഴിഞ്ഞ ദിവസം മറ്റൊരു ഹരജിയില്‍ ഡിവിഷന് ബെഞ്ച് തടഞ്ഞതായി ഹരജിക്കാര്‍ ബോധിപ്പിച്ചു.താല്ക്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കും മുമ്ബ് അതിനാധാരമായ വസ്തുതകള്‍ സര്‍ക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയോയെന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച രേഖ ഹാജരാക്കാനും നിര്‍ദേശിച്ചു. ഹരജിയില്‍ ഉന്നയിക്കുന്ന തസ്തികകള്‍ ഒന്നും പി.എസ്.സി.ക്ക് വിട്ടതല്ലെന്നും വസ്തുതകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടി നല്കി. വകുപ്പുകളില്‍നിന്ന് വിശദാംശം ആരാഞ്ഞശേഷം രേഖകളെല്ലാം സമര്‍പ്പിക്കാമെന്നും അറിയിച്ചു.
Comments (0)