വന്ദേ ഭാരത് ട്രെയിന്റെ പരീക്ഷണയോട്ടത്തിന് തയ്യാറായി ആദ്യ യാത്രയില്‍ റെയില്‍വേ മന്ത്രിയുടെ സാന്നിധ്യവും

വന്ദേ ഭാരത് ട്രെയിന്റെ പരീക്ഷണയോട്ടത്തിന് തയ്യാറായി  ആദ്യ യാത്രയില്‍ റെയില്‍വേ മന്ത്രിയുടെ സാന്നിധ്യവും

ഛണ്ഡീഗഢ്: വന്ദേ ഭാരത് പരീക്ഷണയോട്ടത്തിനായി ഛണ്ഡീഗഢിലെത്തി. 110 കിലോ മീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 24-ന് ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം. ആദ്യ ഓട്ടത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യമുണ്ടാകും. ഛണ്ഡീഗഢിലെ ന്യൂ മൊറാന്‍ഡ സനേവല്‍ റെയില്‍വേ സ്റ്റേഷനിലാകും പരീക്ഷണയോട്ടം നടത്തുക. തുടക്കത്തില്‍ 15 കിലോമീറ്റര്‍ വേഗതയിലും പിന്നീട് 45, 60, 80 കിലോ മീറ്ററിലുമാകും പരീക്ഷണ പറക്കലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ട പരീക്ഷണ പറക്കല്‍ വിജയിച്ചതിന് ശേഷമാകും രണ്ടാം ഘട്ടത്തിന്റെ ട്രയല്‍ റണ്‍ എന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. കോട്ടയ്ക്കും നഗ്ദ റെയില്‍വേ സ്റ്റേഷനുമിടയിലാകും ഇതിന്റെ പരീക്ഷണയോട്ടം. ഓഗസ്റ്റ് 29-നാകും പരീക്ഷണയോട്ടം ആരംഭിക്കുകയെന്നും 50,000 കിലോ മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ക്ക് അയക്കുമെന്ന് റെയില്‍വേ അറിയിച്ചു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത്. സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിജയകരമായാല്‍ അഹമ്മദാബാദിനും മുംബൈയ്ക്കുമിടയില്‍ പുതിയ വന്ദേ ഭാരത് ട്രെയിന്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ 75 നഗരങ്ങളെ ബന്ധിപ്പിച്ച് 75 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്.