അഭിമാനിക്കാവുന്ന നേട്ടവുമായി ഇന്ത്യ ലോകത്ത് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി

അഭിമാനിക്കാവുന്ന നേട്ടവുമായി ഇന്ത്യ ലോകത്ത് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി

ഡല്‍ഹി : ഇന്ത്യയുടെ 75 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കൊളോണിയലിസം ഇന്ത്യയെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റി എന്നാല്‍ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും മന്ത്രി പറഞ്ഞു. 'പതിനെട്ടാം നൂറ്റാണ്ടില്‍, ആഗോള ജിഡിപിയുടെ നാലിലൊന്ന് ഇന്ത്യയുടേതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, കൊളോണിയലിസം നമ്മളെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റി. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ നിങ്ങളുടെ മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നു'എസ് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ-യുഎന്‍ പാര്‍ട്ണര്‍ഷിപ്പ് ഇന്‍ ആക്ഷന്‍ പരിപാടിയില്‍ '75 വര്‍ഷത്തില്‍ ഇന്ത്യ' എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടം അടക്കം ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'അടുത്തിടെയായി ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ നെറ്റ് വര്‍ക്കുകള്‍ വികസിപ്പിച്ചിട്ടുണ്ട്. 300 ബില്ല്യണിലധികം രൂപയുടെ സേവനങ്ങള്‍ ഡിജിറ്റലായി നല്‍കുന്നു. 400 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കുന്നു. 2 ബില്ല്യണ്‍ വാക്‌സിനുകള്‍ നല്‍കി' ജയശങ്കര്‍ പറഞ്ഞു. ലോകത്തിന്റെ ശോഭനമായ ഭാവി ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. യുഎന്നിന്റെ തത്വങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. നമ്മുടെ കാഴ്ചപ്പാടില്‍ ലോകം ഒരു കുടുംബമാണെന്നും വികസനം പൊതുനന്മയാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.