ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ കൂടിയ വ്യാപന ശേഷിയുള്ളത് ; ജാഗ്രത

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ കൂടിയ വ്യാപന ശേഷിയുള്ളത് ; ജാഗ്രത

ന്യൂഡല്‍ഹി: രാജ്യത്ത് കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദങ്ങള്‍ വളരെ വേഗത്തില്‍ വ്യാപിക്കുന്നതാണെന്ന് ചണ്ഡിഗഡ് പി.ജി..ഐ.എം.ഇ.ആര്‍ ഡയറക്ടര്‍ ഡോ.ജഗത് റാം. രാജ്യത്ത് N440K, E484Q എന്നീ രണ്ടുപുതിയ വകഭേദങ്ങള്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളും വൈറസിന്റെ യുകെ വകഭേദവും വളരെ വേഗത്തില്‍ പകരുന്നതാണ്. രോഗ ബാധ കൂടുതല്‍ പടരാതിരിക്കാന്‍ നാം സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ പത്തുദിവസത്തിനുളളില്‍ കേസുകളില്‍ വര്‍ധനവുളളതായി നാം കണ്ടിരുന്നു. വൈറസിന്റെ യുകെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദങ്ങളും വളരെ വേഗത്തില്‍ പകരാന്‍ സാധ്യതയുളളതായതിനാല്‍ അത് വളരെ പ്രധാനപ്പെട്ടതായാണ് ഞാന്‍ കണക്കാകുന്നത്. ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന മരണ നിരക്കിനോ, കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ട തരംഗത്തിനോ കാരണമായേക്കാം. കൂട്ടായ പരിശ്രമങ്ങളിലൂടെ നമുക്കത് തടയേണ്ടതുണ്ട്.- അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ വൈറസിന്റെ രണ്ടുപുതിയ വകഭേദങ്ങളുടെ സാന്നിധ്യമുളളതായി കേന്ദ്രം സ്ഥിരീകരിക്കുന്നത് ചൊവ്വാഴ്ചയാണ്.അതെ സമയം വൈറസിന്റെ പുതിയ വേകഭേദങ്ങളല്ല രാജ്യത്ത് കേസുകള്‍ പെട്ടെന്ന് ഉയരാന്‍ കാരണമായതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. രാജ്യത്തെ നിലവിലെ കോവിഡ് കേസുകളില്‍ 75 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നുമാണ്

യുകെ വകഭേദത്തിലുളള വൈറസ് ബാധിച്ച 187 പേര്‍ രാജ്യത്ത് ചികിത്സയിലുളളതായി നീതി ആയോഗ് അംഗം വി.കെ.പോള്‍ അറിയിച്ചിരുന്നു.