സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഡ്രൈ റണ്‍ തുടങ്ങി; ആവശ്യത്തിന് വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ തരുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഡ്രൈ റണ്‍ തുടങ്ങി. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ ആരംഭിച്ചത്. രാവിലെ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുക്കുന്നത്.
തിരുവനന്തപുരത്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. സംസ്ഥാനത്ത് വാക്‌സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കും.
വാക്‌സിന്‍ വന്നു കഴിഞ്ഞാല്‍ കൃത്യമായി ആളുകളിലേക്ക് എങ്ങനെയാണ് എത്തിക്കുക എന്നതാണ് ഡ്രൈ റണ്‍ കൊണ്ട് ഉദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേരളം നന്നായി ഒരുങ്ങിയിട്ടുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിന്‍ ഓക്‌സ്‌ഫോര്‍ഡും ആസ്‌ട്രാ സെനിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിനാണ്. രണ്ടു മൂന്ന് ദിവസത്തിനകം വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഷീല്‍ഡ് പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത വാക്‌സിന്‍ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മുന്‍ഗണന പട്ടിക അനുസരിച്ചായിരിക്കും വാക്‌സിന്‍ വിതരണം. അതിനുളള നടപടിക്രമങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. ശീതികരണ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. എത്ര വാക്‌സിനാണ് കിട്ടുകയെന്ന് ഇപ്പോള്‍ പറയാനാകില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ മൂന്നര ലക്ഷം പേരുണ്ട്. വളരെയധികം വാക്‌സിന്‍ വേണ്ടി വരും. ആവശ്യത്തിന് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ തരുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലെന്ന് പറയുന്നത് ശരിയായ രീതിയല്ല. കേരളത്തില്‍ രോഗവ്യാപനം കുറയ്‌ക്കാന്‍ ആദ്യം മുതല്‍ ശ്രമിച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ രോഗികളുടെ എണ്ണം കൂടിയപ്പോള്‍ മരണ നിരക്ക് വര്‍ദ്ധിച്ചു. കേരളത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വ്യാപനം കുറയ്‌ക്കുകയായിരുന്നു. കേരളത്തില്‍ അതിരൂക്ഷമായ രോഗ വ്യാപനം ഇപ്പോഴാണ് വന്നത്. രോഗ വ്യാപനം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ തന്നെ വാക്‌സിന്‍ കേരളത്തില്‍ കൂടുതല്‍ കിട്ടണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments (0)