ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീലിന് , ലൈഫ്‌മിഷന്‍ രേഖ: വിജിലന്‍സിന് സി.ബി.ഐ. കത്തയയ്‌ക്കും
കൊച്ചി : ലൈഫ്‌മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടു സി.ബി.ഐ. വിജിലന്‍സിനു കത്തയയ്‌ക്കും. വടക്കാഞ്ചേരി ഇടപാടില്‍ കേസെടുത്ത വിജിലന്‍സ് നേരത്തേ ലൈഫ് മിഷന്‍ ഓഫീസിലെ റെയ്‌ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. സി.ബി.ഐ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ എല്ലാവശവും പരിശോധിക്കാനാണു തീരുമാനം. അതിന്റെ ഭാഗാമായാണു രേഖകള്‍ ആവശ്യപ്പെടുന്നത്. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനാണു സര്‍ക്കാര്‍ നീക്കം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ചോദ്യംചെയ്യുമെന്നാണു സി.ബി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആര്‍.എ.) ലംഘിച്ചാണു ലൈഫ് ഇടപാടില്‍ സംഭാവനകള്‍ സ്വീകരിച്ചതെന്നാണു പ്രഥമിക വിലയിരുത്തല്‍. സംസ്‌ഥാന സര്‍ക്കാരിനു കീഴിലുള്ള കേസാണിതെങ്കിലും വിദേശനാണയച്ചട്ടം ലംഘിച്ചെന്ന പരാതിയായതിനാല്‍ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയ്‌ക്കു അന്വേഷിക്കാം. വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സി.ബി.ഐ. കേസെടുത്തത്.
വടക്കാഞ്ചേരി ഭവനസമുച്ചയത്തിന്റെ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ തനിക്കു 2019 മുതല്‍ പരിചയമുണ്ടെന്നാണു ശിവശങ്കറിന്റെ മൊഴി. ഈപ്പനെ കാണുന്നതു ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നു ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസും മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്റെ ഒരു ഇടപാടില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ മറ്റു പദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടാകാമെന്നു സി.ബി.ഐ. കരുതുന്നു ഇതിന്റെ ഭാഗമായാണു ഹൈദരാബാദില്‍ പരിശോധന നടത്തിയത്. അവിടെനിന്നു പിടിച്ചെടുത്ത കമ്ബ്യൂട്ടര്‍ രേഖകളടക്കം വിലയിരുത്തി വരികയാണ്.
സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌നയുടെ നിര്‍ദേശപ്രകാരം അഞ്ച് ഐ ഫോണുകള്‍ യു.എ.ഇ. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികള്‍ക്കു സമ്മാനിക്കാന്‍ താന്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനൊപ്പം സമര്‍പ്പിച്ച ബില്ലില്‍ ആറ് ഐ ഫോണുകള്‍ ഉണ്ടായിരുന്നു. ഇതിലൊന്നിന്റെ ഐ.എം.ഇ.ഐ. നമ്ബറാണ് എം. ശിവശങ്കര്‍ താന്‍ ഉപയോഗിക്കുന്ന ഫോണിന്റെ നമ്ബറായി രേഖപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനു (ഇ.ഡി.) നല്‍കിയത്. ഇതാണു നിര്‍ണായകമായത്.
Comments (0)