കേരളത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രത്തിന്‌ അതൃപ്തി, തമിഴ്‌നാട്ടിലും കുറവ്

കേരളത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രത്തിന്‌ അതൃപ്തി, തമിഴ്‌നാട്ടിലും കുറവ്

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. 25 ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്തവരുടെ എണ്ണം. വാക്‌സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം.

കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് വാക്‌സിന്‍ കുത്തിവെപ്പില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കുറവ് രേഖപ്പെപെടുത്തിയത്. ഈ രണ്ട് സംസ്ഥാനങ്ങളിലും 25 ശതമാനത്തില്‍ താഴെയാണ് വാക്‌സിന്‍ കുത്തിവെപ്പ് നടക്കുന്നത്. കുറവ് കുത്തിവെപ്പെടുത്തവരിൽ പഞ്ചാബും ചത്തീസ്ഗഡും തൊട്ടുപിറകെയുണ്ട്.

ഇത് സംബന്ധിച്ചുള്ള അതൃപ്തിയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമായത്. നാല് സംസ്ഥാനങ്ങളോടും വാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

മികച്ച രീതിയില്‍ കുത്തിവെപ്പ് സ്വീകരിച്ച കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും റിവ്യൂ മീറ്റില്‍ കേന്ദ്രം പരാമര്‍ശിച്ചു. 70 ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ കുത്തിവെപ്പ്.

കഴിഞ്ഞ ശനിയാഴ്ച കണ്ടിരുന്ന വാക്‌സിന്‍ കുത്തിവെപ്പ് മുന്നേറ്റം പലയിടത്തും ഇപ്പോള്‍ കാണുന്നില്ല. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 50 പേരില്‍ താഴെ മാത്രം പേരാണ് കഴിഞ്ഞ ദിവസം കുത്തിവെപ്പെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ പ്രകാരം ഒരു ദിവസം 100 പേര്‍ കുത്തിവെപ്പ് സ്വീകരിക്കേണ്ടതുണ്ട്. 

ആദ്യ ദിവസം 161 സെഷനുകളിലായി 2,945 പേര്‍ തമിഴ്‌നാട്ടില്‍ കുത്തിവെപ്പെടുത്തു. കേരളത്തില്‍ 133 സെഷനുകളായി 8,062 പേരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ഛത്തീസ്ഗഢ്  97 സെഷനുകള്‍ നടത്തി 5,592 ഗുണഭോക്താക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. പഞ്ചാബ് 59 സെഷനുകളിലായി 1,319 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.

അതേ സമയം ആദ്യ ദിവസം ആന്ധ്രാപ്രദേശില്‍ 332 സെഷനുകളിലായി 18,412 പേരാണ് കുത്തിവെപ്പ് സ്വീകരിച്ചത്. കര്‍ണാടകയില്‍ 242 സെഷനുകളിലായി 13,594 പേരും തെലങ്കാനയില്‍ 140 സെഷനുകളിലായി 3,653 പേരും കുത്തിവെപ്പെടുത്തു.

തിങ്കളാഴ്ചത്തെ കണക്കുപ്രകാരം തമിഴ്‌നാട്ടില്‍ 7628 പേര്‍ കുത്തിവെപ്പെടുത്തു. കേരളം- 7,070, ചത്തീസ്ഗഡ്- 4459, പഞ്ചാബ് - 1882 , ആന്ധ്ര- 9758, കര്‍ണാടക- 36,888 തെലങ്കാന- 10,352 എന്നിങ്ങനെ പോകുന്നു കുത്തിവെപ്പെടുത്തവരുടെ എണ്ണം. 

വിഷയം ഗൗരവമായി പരിശോധിക്കണമെന്നാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്.