അടുത്ത മാസം ആദ്യത്തോടെ കേന്ദ്രസേന കേരളത്തിലെത്തും; സൗകര്യങ്ങളൊരുക്കാന്‍ പോലീസിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

അടുത്ത മാസം ആദ്യത്തോടെ കേന്ദ്രസേന കേരളത്തിലെത്തും; സൗകര്യങ്ങളൊരുക്കാന്‍ പോലീസിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം : നിയമസഭാ തെരെഞ്ഞെടുപ്പ് സുരക്ഷക്കായെത്തുന്ന കേന്ദ്രസേനക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പോലീസിന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. 30കമ്ബനി കേന്ദ്രസേന തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്താനാണ് സാധ്യത. ഉടന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബറ്റാലിയന്‍ എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

രണ്ടായിരത്തിനടുത്ത് പ്രശ്നബാധിത ബൂത്തുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍. ഈ ബൂത്തുകളുടെ സുരക്ഷാച്ചുമതല പൂര്‍ണമായും കേന്ദ്രസേനക്ക് കൈ മാറാനാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തെരെഞ്ഞെടുപ്പിന് മുന്നോടിയായി പോലീസിന്റെ നിയന്ത്രണം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ അദ്ധ്യക്ഷനായ സമിതി ഏറ്റെടുത്തിരുന്നു. ഈ സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നാണ് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുപ്പത് കമ്ബനി കേന്ദ്രസേനയെ വിന്യസിക്കാനാണ് ആലോചന. വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

കൊറോണ മാനദണ്ഡങ്ങളനുസരിച്ച്‌ താമസമുള്‍പ്പടെ സജ്ജീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം മതിയായ വാഹനങ്ങളും നല്‍കണം .ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ബറ്റാലിയന്‍ എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം ആദ്യത്തോടെ കേന്ദ്രസേന കേരളത്തിലെത്തുമെന്നാണ് സൂചന.

Tags: