പാമൊലിന്‍ കേസ്‌ ഇന്ന്‌ വീണ്ടും ഹൈക്കോടതിയില്‍

പാമൊലിന്‍ കേസ്‌ ഇന്ന്‌ വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മുപ്പതു വര്‍ഷത്തെ പ്രമാദമായ അന്വേഷണചരിത്രമുള്ള പാമോലിന്‍ കേസ്‌ ഇന്നു ഹൈക്കോടതി പരിഗണിക്കും. വിടുതല്‍ഹര്‍ജി വിജിലന്‍സ്‌ കോടതി തള്ളിയതിനെതിരേ പ്രതികള്‍ നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്‌.

വിചാരണയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന്‌ ഒഴിവാക്കണമെന്ന മുന്‍ മന്ത്രി ടി.എച്ച്‌. മുസ്‌തഫയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അംഗീകരിച്ചിരുന്നു. ടി.എച്ച്‌. മുസ്‌തഫ, ജിജി തോംസണ്‍, പി.ജെ. തോമസ്‌, പാമോലിന്‍ ഇറക്കുമതിക്ക്‌ അനുമതി നല്‍കിയ പവര്‍ ആന്‍ഡ്‌ എനര്‍ജി കോര്‍പറേഷന്‍, ചെന്നൈ മാലാ ട്രേഡിങ്‌ കോര്‍പറേഷന്‍ എന്നിവയുടെ പ്രതിനിധികളായ സദാഷി വന്‌ഡ, ശിവരാമകൃഷ്‌ണന്‍ എന്നിവരാണു പ്രതികള്‍.

രാജ്യാന്തര മാര്‍ക്കറ്റില്‍ പാമോയില്‍ വില ടണ്ണിനു 392.25 ഡോളറായിരുന്നപ്പോള്‍ ടണ്ണിനു 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. അന്നത്തെ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ്‌ ഈ ഉത്തരവ്‌ പുറപ്പെടുവിച്ചതാണെന്നാണു പ്രധാന ആരോപണം. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും മറ്റ്‌ ഏഴുപേര്‍ക്കും വിജിലന്‍സ്‌ കുറ്റപത്രം നല്‍കി.

കൂടിയ വിലയ്‌ക്ക്‌ പാമോയില്‍ ഇറക്കുമതി ചെയ്‌ത വകയില്‍ സംസ്‌ഥാനത്തിന്‌ 2.32 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായും ഇതില്‍ കുറ്റകരമായ ഗൂഢാലോചന ഉള്ളതായും കണ്ടെത്തി. മാറിവരുന്ന സര്‍ക്കാരുകള്‍ കേസില്‍ സ്വീകരിച്ച നിലപാടുകള്‍ വ്യത്യസ്‌തമായിരുന്നു. കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌.