സി. പി എമ്മിൽ പൊട്ടിത്തെറി-ശ്യാംഗോപാൽ ആലപ്പുഴ
ആലപ്പുഴ : നഗരസഭാ അധ്യക്ഷയെ തീരുമാനിച്ചതിൽ വീഴ്ചയാരോപിച്ച് സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധ പ്രകടനം. ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ പ്രകടനവുമായി അണികൾ തെരുവിലങ്ങി.
രണ്ടുപേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു, അവസാന മണിക്കൂറിലാണ് രമ്യാരിജിനെ അധ്യക്ഷയാക്കാൻ തീരുമാനിച്ചത്. കോഴവാങ്ങിയാണ് ചെയർപേഴ്‌സൻ സ്ഥാനം നൽകിയതെന്നാണ് സെക്രട്ടറിക്കെതിരെ ആരോപണം.
സി പി എമ്മിലെ കെ കെ ജയമ്മയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഭൂരിപക്ഷം പേരും ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ സൗമ്യാ രാജിനെ സെക്രട്ടറിയുടെ പ്രത്യേക താല്പര്യപ്രകാരം ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു എന്നാണ് ആരോപണം. നൂറോളം പേർ പങ്കെടുത്ത പ്രകടനമാണ് നഗരത്തിൽ നടന്നത്. ചിത്തരജ്ഞനെതിരെ അതിനിശിതമായ വിമർശ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധ പ്രകടനം നടന്നത്. തുടക്കത്തിൽ മന്ത്രി ജി സുധാകരനെതിരെയും മുദ്രാവാക്യം വിളി ഉയർന്നിരുന്നു.
സൗമ്യാ രാജിനെ അധ്യക്ഷയാക്കിയതിൽ യാതൊരു തർക്കവുമില്ലെന്നാണ് മന്ത്രി ജി സുധാകരന്റെ പ്രതികരണം. പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കും. പ്രശ്‌നങ്ങൾക്ക് കാരണമെന്താണെന്ന് പഠിക്കും. ജില്ലയിൽ വലിയ നേട്ടങ്ങളാണ് സി പി എം ഉണ്ടാക്കിയത്. ആ നേട്ടങ്ങളുടെ ശോഭ കെടുത്താനുള്ള ചിലരുടെ ശ്രമമാണ് നടന്നതെന്നും ജി സുധാകരൻ പറഞ്ഞു.
സി പി എമ്മിന്റെ ശക്തി കേന്ദ്രമായ ആലപ്പുഴയിൽ ജി സുധാകരന്റെ തീരുമാനമാണ് അന്തിമം. അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ എതിർപ്പുകൾ പരസ്യമായി ഉയർന്നത് നേതാക്കളെ ഞെട്ടിച്ചിരിക്കയാണ്.
Comments (0)