സ്‌മാര്‍ട്ട്‌ സിറ്റി : പഴയ കല്ലുകള്‍ നടപ്പാത നവീകരണത്തിന്‌ വീണ്ടും ഉപയോഗിക്കുന്നതില്‍ പ്രതിഷേധം

ഫോര്‍ട്ടുകൊച്ചി: അറബി കടലിന്റെ റാണിയായ കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്ന പ്രവര്‍ത്തികളാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. എന്നാല്‍ ഫോര്‍ട്ടുകൊച്ചി കമാല കടവില്‍ നടപ്പാത നിര്‍മ്മിക്കാന്‍ നീക്കം ചെയ്‌ത പഴയ കല്ലുകള്‍ തന്നെ വീണ്ടും ഉപയോഗിക്കുന്നതില്‍ പ്രതിഷേധം ഉടലെടുത്തിരിക്കയാണ്‌.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പാകിയിരുന്ന ഈ കല്ലുകള്‍ ഇളകിയതിനെ തുടര്‍ന്ന്‌ കൊച്ചി കാണാനെത്തുന്ന സഞ്ചാരികളും ,നാട്ടുകാരും തടഞ്ഞുവീഴുന്നത്‌ പതിവായതോടെ പരാതികള്‍ ഉയരുകയും ഇളകിയ ഭാഗത്തെ കല്ലുകള്‍ മാറ്റുകയുമായിരുന്നു. 3 ഇഞ്ച്‌ നീളവും വീതിയുമുള്ള ഈ ചെറിയ കല്ലുകള്‍ അപകടകാരികളായതിനാലാണ്‌ മാറ്റിയതെങ്കിലും വീണ്ടും അതേ കല്ലുകള്‍ തന്നെ നട പാതയില്‍ വിരിക്കുകയാണ്‌ .ഈ കല്ലുകള്‍ ഇനിയും അപകട സാധ്യത വരുത്തുമെന്നാണ്‌ നാട്ടുകാര്‍ ചൂണ്ടി കാട്ടുന്നത്‌.എല്ലാം പുതിയവ സ്‌ഥാപിക്കണമെന്നിരിക്കെ കരാറുകാരന്‍ പഴയ കല്ലുകള്‍ ഉപയോഗിക്കുകയാണെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌ . വിദേശികള്‍ അടക്കം കല്ലില്‍ തടഞ്ഞ്‌ വീണ സംഭവങ്ങള്‍ കണക്കിലെടുത്ത്‌ സുരക്ഷിതമായ നടപാത നിര്‍മ്മിക്കണമെന്ന്‌ സ്വദേശി സാംസ്‌കാരിക വേദി പ്രസിഡന്റ്‌ പി.എസ്‌.അബ്‌ദു കോയ ആവശ്യപ്പെട്ടു.