മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യരും മുനവ്വറലി തങ്ങളും ആര്യമഹർഷിയെ സന്ദർശിച്ചു

മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യരും മുനവ്വറലി തങ്ങളും ആര്യമഹർഷിയെ സന്ദർശിച്ചു

രാമായണ മാസത്തിൽ പൂർണ്ണമായും ജലോപവാസം അനുഷ്ഠിക്കുന്ന ആര്യമഹർഷിയെ സന്ദർശിക്കാൻ മുൻ കേന്ദ്ര മന്ത്രി ശ്രീ മണിശങ്കർ അയ്യരും, മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമെത്തി.

ആര്യമഹർഷിയുടെ സേവനപ്രവർത്തനങ്ങൾ ലോക ഹിതമാണെന്നും, ഇത്തരം നിശബ്ദ പ്രവർത്തനങ്ങൾ രാജ്യം മാതൃകയാക്കേണ്ടതാണെന്നും മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു. ആശ്രമത്തിന്റെ ശാന്തതയും കലശമലയുടെ സൗന്ദര്യവും മഹർഷിയുടെ ചിരിച്ച മുഖവും മനസ്സിൽ ശാന്തതയുണ്ടാക്കുന്നുവെന്നും മഹർഷിയുടെ ഭവനത്തിൽ നിന്നും കുടിച്ച ചായയും റെസ്‌കും എന്റെ ഓർമ്മകളെ  കുട്ടിക്കാലത്തേക്ക് നയിച്ചുവെന്നും  അയ്യർ മഹർഷിയോടു പറഞ്ഞു. 

പറഞ്ഞറിയിക്കാൻ പറ്റാത്ത സമാധാനവും സന്തോഷവുമാണ് ആര്യലോക് ആശ്രമത്തിൽ എത്തിയപ്പോൾ അനുഭവപ്പെട്ടതെന്നും, കോപത്തിനൊ ക്രോ ധത്തിനൊ യാതൊരു സ്ഥാനവുമില്ലാത്ത നിശബ്ദമായ ഇത്തരമൊരിടം ഞാൻ വേറെ കണ്ടിട്ടില്ലെന്നും യഥാർത്ഥ മത സൗഹാർദ്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് മുനവ്വറലി ശിഹാബ് തങ്ങളും മഹർഷിയും തമ്മിലുള്ള ബന്ധമെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

മനുഷ്യനേയും പ്രകൃതിയേയും ഒരു പോലെ സ്നേഹിക്കുകയും ലളിതമായ ജീവിതത്തിലൂടെ സഹജീവികളെ സഹായിക്കുകയും ചെയ്യുന്ന മഹർഷിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്നും, ലാളിത്യത്തിന്റെ ഒരു മഹത്തായ സന്ദേശമാണ് ആര്യമഹർഷിയിലൂടെ ഇവിടെ കാണാൻ കഴിഞ്ഞതെന്നും, പണത്തിന്റേയും  അധികാരത്തിന്റേയും അതിപ്രസരണത്തിൽ മുഴുകിയിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിൽ നിന്നും വിമുക്തി നേടാൻ മനുഷ്യരെ  പ്രാപ്തരാക്കുക എന്ന ശ്രമകരമായ ഒരു  ദൗത്യമാണ് ആര്യ മഹർഷി നിർവ്വഹിക്കന്നതെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.

ലളിതമായ ജീവിതത്തിലാണ് സുഖവും സന്തോഷവും ഉണ്ടാവുക. മറ്റുള്ളവർക്കും വരും തലമുറക്കും വേണ്ടിയാവണം നമ്മുടെ ഓരോ പ്രവർത്തിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവരെ ഓർമ്മിപ്പിക്കുക കൂടിയാണ് മഹർഷി ചെയ്യുന്നതെന്നും, കൊട്ടാര സദൃശമായ മണിമാളികളിൽ വസിച്ചും തൃപ്തരാവാത്ത മനുഷ്യരുള്ള ലോകത്ത് ഓലമേഞ്ഞ കുടിലിൽ ലളിത ജീവിതം നയിക്കുന്ന മഹർഷിയുടെയും അതിനനുകൂലമായി ജീവിക്കുന്ന കുടുംബവും പ്രശംസനീയമാണെന്നും  മുനവ്വറലി തങ്ങൾ പറഞ്ഞു. 

ലോകത്തിൽ ആദ്യമായി ഒരേ ദിവസം വൃക്കകൾ ദാനം നൽകിയ മഹർഷിയും സഹധർമ്മിണി സിമിയും ശിഷ്യയായ ആര്യനാമികയും ത്യാഗത്തിന്റെയും മത സൗഹാർദത്തിന്റെയും ശീലുകളാണ് ആര്യലോക് ആശ്രമത്തിൽ കൂടി ലോകത്തിന് നൽകി കൊണ്ടിരിക്കുന്നതെന്നും മഹർഷിയുടെ തനതു ശൈലിയും സ്വീകരണ കലയുമായ താവത് ഇഫക്ട് സമൂഹത്തിന് പ്രചോദനമാവട്ടെയെന്നും കൂടിയവർ ആശംസിച്ചു.

ആശ്രമ പദ്ധതികളെ കുറിച്ചും വനവൽക്കരണ പ്രബോധനങ്ങളെ കുറിച്ചും കേട്ടപ്പോൾ സന്ദർശന സ്മരണാർഥം കലശവനത്തിൽ ഒരു വൃക്ഷതൈ നടുകയും, ഇത് മത സൗഹാർദ്ദത്തിന്റെ മകുടോദാഹരണമാകുമെന്നും ചെടി നട്ട ശേഷം കൂടിനിന്നവരോട് പാണക്കാട് കുടുംബത്തിന്റെ സന്ദേശമായി മുനവ്വറലി തങ്ങൾ പറഞ്ഞു.

ആര്യനാമികയുടെ അവയദാനത്തിന് ആശംസകളും അനുഗ്രഹങ്ങളും നൽകി ഒരച്ഛന്റെ വാത്സല്ല്യത്തോടെ ചേർത്തുപിടിച്ചപ്പോൾ ത്യാഗത്തിന്റെ ശക്തിയും സ്നേഹവുമാണ് മുൻ കേന്ദ്ര മന്ത്രിയിൽ നിന്നും പ്രകടമായതെന്നു മഹർഷി പറഞ്ഞു.

ആര്യനാമിക, വേണുജി, രാജൻജി, അഹമ്മദ് സാജു, ഹക്കീം കോൽമണ്ണ, മുനീർ വേങ്ങര, നിഷാം തുടങ്ങിയവർ സംസാരിച്ചു. പരിസരവാസികളായ ഹരിദാസ്, ഷീജ, തങ്കമണി, അനിത എന്നിവരും നേതൃത്വം നൽകി.