ഇത് എന്ത് നാട് പട്ടാപ്പകല്‍ പൊലീസിന് നേരെ തോക്ക് ചൂണ്ടി മോഷണ സംഘം രക്ഷപ്പെട്ടു
തിരുവനന്തപുരം: ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയവര്‍ അയല്‍വാസികള്‍ക്കും പൊലീസിനും നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടു. ഇടപഴിഞ്ഞി ഹൗസിങ് കോളനിയിലെ വീട് കുത്തിത്തുറക്കുന്നതിനിടെയാണ് അയല്‍വാസികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയത്. ഇടപഴിഞ്ഞിയില്‍നിന്ന് വഞ്ചിയൂരിനടത്തുള്ള സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ എത്തിയ മോഷ്ടാക്കള്‍ പൊലീസിന് നേരെയും തോക്കുചൂണ്ടി രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഹൗസിങ് കോളനിയിലെ അടഞ്ഞുകിടന്ന വീട് രണ്ടുപേര്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നത് അയല്‍വാസികള്‍ കണ്ടത്. അവര്‍ മോഷ്ടാക്കളുടെ അടുത്തെത്തി ചോദ്യം ചെയ്തു. പെട്ടെന്ന് മോഷ്ടാക്കളിലൊരാള്‍ തോക്ക് ചൂണ്ടിയശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിലെല്ലാം വിവരം കൈമാറി. വഞ്ചിയൂര്‍ ശ്രീകണ്‌ഠേശ്വരത്തെ സ്‌പെയര്‍ പാര്‍ട്‌സ് കടയുടെ മുന്നില്‍ ഇവര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും മോഷ്ടാക്കള്‍ പൊലീസിന് നേരെയും തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു.ബൈക്കിന്റെ നമ്പര്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചു. മോഷണ വണ്ടിയായിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കള്‍ അന്തര്‍ സംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക നിഗമനം. നഗരാതിര്‍ത്തികളിലും പൊലീസ് പരിശോധന ശക്തമാക്കി.



Editor CoverStory


Comments (0)