പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എന്‍ഐഎയുടെ നടപടിക്കെതിരെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലാണ് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഹര്‍ത്താലില്‍ സംസ്ഥാന വ്യപകമായി പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടിരുന്നു. സംഭവത്തില്‍ സര്‍ക്കാന്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി.സംസ്ഥാനത്ത് ഒട്ടാകെ പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടും അഴിഞ്ഞാടുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. 70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്വകാര്യ വാഹനങ്ങളെയും ആക്രമിച്ചു. ആംബുലന്‍സിന് നേരെയും കല്ലെറിഞ്ഞു . അക്രമികള്‍ പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തുകയും മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനത്തിന് നേരെ അക്രമം അഴിച്ച് വടുകയും ചെയ്തു. കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയില്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 229 പേരെ കരുതല്‍ തടങ്കലിലാക്കി. അതേസമയം രാജ്യത്ത് വിവിധ ഇടങ്ങളില്‍ നടന്ന പരിശോധനയില്‍ അറസ്റ്റിലായ നേതാക്കളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്ഐ നേതാക്കളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും രംഗത്തെത്തി. ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.