120 കോടി രൂപ ; 3000 അക്കൗണ്ട് ; പോപ്പുലര്‍ ഫ്രണ്ടിന് പണം കൈമാറിയവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കും

120 കോടി രൂപ ; 3000 അക്കൗണ്ട് ; പോപ്പുലര്‍ ഫ്രണ്ടിന് പണം കൈമാറിയവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കും

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നേതാക്കളെയും പ്രവര്‍ത്തകരെയും കേന്ദ്രീകരിച്ചാവും അറസ്റ്റ് ഉണ്ടാവുക. പിഎഫ്ഐയുടെ അക്കൗണ്ടുകളില്‍ വിദേശത്ത് നിന്ന് 120 കോടി രൂപ എത്തിയത് കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധി ആളുകളാണ് ലക്ഷക്കണക്കിന് രൂപ സംഘടനയ്ക്ക് കൈമാറിയിരിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണെന്നതിനു തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരിലാണ് സംഘടന കള്ളപ്പണം വെളുപ്പിച്ചത് . വിദേശത്തുനിന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി കടത്തിയ പണം നിയമവിധേയമാക്കാന്‍ അനുബന്ധ സംഘടനകളെയും പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തീവ്രവാദ സംഘടനയുടെ അക്കൗണ്ടിലേക്കു കൈമാറിയതായി രേഖപ്പെടുത്തിയിട്ടുള്ളവരുടെ സാമ്പത്തിക സ്രോതസ്സ് ഇഡി പരിശോധിക്കും.പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങള്‍ അതീവരഹസ്യമായാണു മന്ത്രാലയം നടത്തിയത്. എന്നാല്‍ മറ്റു പേരുകളില്‍ ഇവ തിരിച്ച് വരാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. അതിനാല്‍ സംഘടനകളിലെ പ്രവര്‍ത്തകരുടെ ഭാവി നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.