പറവൂര്‍ തത്തംപിള്ളിയില്‍ പ്ലാസ്റ്റിക് മാലിന്യസംസ്കരണ യൂണിറ്റില്‍ വന്‍ അഗ്നിബാധ
ആലങ്ങാട്/പറവൂര്‍: പറവൂര്‍ തത്തപ്പിള്ളിയില്‍ പ്ലാസ്റ്റിക് മാലിന്യസംസ്കരണ യൂണിറ്റില്‍ വന്‍ അഗ്നിബാധ. തത്തപ്പിള്ളി ഗവ സ്കൂളിനു സമീപം സ്ഥിതി ചെയ്യുന്ന അന്ന പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിലാണു ഇന്നലെ രാവിലെ പത്തരയോടെയാണു തീപിടിത്തമുണ്ടായത്. കെട്ടിടവും അതിനുള്ളില്‍ പത്തടിയിലേറെ ഉയരത്തില്‍ നിര്‍മിച്ചിരുന്ന സ്റ്റീല്‍ ബര്‍ത്തും വിലപിടിപ്പുള്ള ഉപകരണങ്ങളും ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കളും പൂര്‍ണമായി കത്തി നശിച്ചു. ആളപായമില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പതിനഞ്ചോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഏഴു മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്.
അറ്റകുറ്റപ്പണികള്‍ നടക്കവെ, വെല്‍ഡിംഗ് മെഷീനില്‍ നിന്നു തീ പടര്‍ന്നതോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം തീപിടിത്തത്തിനു കാരണമെന്നാണ് സൂചന. രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
പറവൂര്‍ ചേന്ദമംഗലം സ്വദേശി ലിജു മൂഞ്ഞേലിയുടെതാണു സ്ഥാപനം. 12 വര്‍ഷം മുന്‍പു ഫോം റബര്‍ നിര്‍മാണ യൂണിറ്റായാണു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ധനവില വര്‍ധന മൂലംനഷ്ടത്തിലായതിനെതുടര്ന്ന് അഞ്ചു വര്‍ഷമായി പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വേസ്റ്റ് മാനേജ്മെന്റ്, റീ സൈക്ലിംഗ് ലൈസന്‍സ് എന്നിവയുടെ അനുമതിയോടെ പ്ലാസ്റ്റിക്മാലിന്യ സംസ്കരണ യൂണിറ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചോളം പേര് ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവധിദിനം ആയിരുന്നതിനാല്‍ ഇന്നലെ തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല. തീപടരുന്നതു കണ്ട ഉടന്‍തന്നെ നാട്ടുകാര്‍ ഓടിക്കൂടി അണയ്ക്കാന്ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. പറവൂര്‍, ആലുവ, ഏലൂര്‍, ഗാന്ധിനഗര്‍, വൈപ്പിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയിരുന്നു. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കറുത്തിരുണ്ട പുക വളരെ ഉയരത്തില്‍ പ്രദേശമാകെ പരന്നു.കാറ്റ് പടിഞ്ഞാറ് വശത്തേക്ക് ആയിരുന്നതിനാല്‍ സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായില്ല. കിഴക്കോട്ട് കാറ്റ് വീശിയിരുന്നുവെങ്കില്‍ മൂന്നുനില വീട് ഉള്‍പ്പെടെയുള്ളവയ്ക്ക് നാശനഷ്ടം സംഭവിച്ചേനെ.
ഇതിനിടയില്‍ ചില ഫയര്‍ഫോഴ്സ് യൂണിറ്റുകളിലെ വെള്ളം തീര്‍ന്നു പോയത് പ്രശ്നമായി. പറവൂരില്‍ നിന്നു വെള്ളം നിറച്ച് വാഹനങ്ങള്‍ വീണ്ടും സ്ഥലത്തെത്തി.അവധി ദിവസമായതിനാല്‍ വെല്‍ഡിംഗ് ജോലിക്കാര്‍ മാത്രമാണ് യൂണിറ്റില്‍ ഉണ്ടായിരുന്നത്.
തീപിടിച്ചപ്പോള്‍ ഇവര്‍ പുറത്തേക്ക് ഓടി മാറിയതിനാലും വെല്‍ഡിംഗിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ സമീപത്തെ പറമ്ബിലേക്ക് മാറ്റിയതിനാലും വന്‍ദുരന്തം ഒഴിവായി.
പ്ലാസ്റ്റിക്കിന്റെ രൂക്ഷമായ ഗന്ധവും പുകയും സമീപത്താകെവ്യാപിച്ചിരുന്നു. തീപിടിത്തമുണ്ടായ ഉടന്‍തന്നെ സമീപത്തെ കുറെ വീടുകളില്‍നിന്ന് ആളുകളെ മാറ്റിയിരുന്നു.തത്തപ്പിള്ളി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ വാഹനങ്ങള്‍ മറ്റു റോഡുകളിലൂടെ പോലീസ് തിരിച്ചുവിട്ടു. തീ അണച്ചതിന് ശേഷമാണ് ഗഗതാഗതം പുനസ്ഥാപിച്ചത് . വൈകിട്ട് ആറോടെയാണു പൂര്‍ണമായും തീയണയ്ക്കാന്‍ സാധിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാരോണ്‍ പനക്കല്‍, പറവൂര്‍ സഹകരണ യൂണിയന് ചെയര്മാന് പി.പി. അജിത്ത് കുമാര്‍ എന്നിവര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.
Comments (0)