വൈറ്റിലയില്‍ ഗതാഗതം കീറാമുട്ടി; ക്ഷേത്രത്തിനു മുന്നില്‍ കുരുക്ക്‌'

വൈറ്റിലയില്‍ ഗതാഗതം കീറാമുട്ടി; ക്ഷേത്രത്തിനു മുന്നില്‍ കുരുക്ക്‌'


കൊച്ചി: മേല്‍പ്പാലത്തില്‍ ഗതാഗതം തുറന്നുവിട്ട്‌ ദേശീയപാതയില്‍ കുരുക്കഴിച്ചെങ്കിലും അടിപ്പാതയില്‍ സുഗമ ഗതാഗതം ഒരുക്കുന്നത്‌ കീറാമുട്ടിയായി മാറുന്നു.സിഗ്നല്‍ നിയന്ത്രണത്തില്‍ ഗതാഗതം സുഗമാക്കാന്‍ പറ്റാതെ വന്നതോടെ സിഗ്നല്‍ ഓഫ്‌ ചെയ്‌ത് പോലീസുകാരെ നിര്‍ത്തി. എന്നിട്ടും ഫലമുണ്ടായില്ല. ഇപ്പോള്‍ സിഗ്നലും പോലീസുകാരും ഒരേ സമയം ഗതാഗതം നിയന്ത്രിച്ചിട്ടും കുരുക്കഴിയുന്നില്ല.രണ്ടു ദിവസം മുമ്ബ്‌ പുതിയ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരത്തില്‍ വൈറ്റില ഹബില്‍ നിന്ന്‌ വാഹനങ്ങള്‍ പുറത്തേക്കു വരുന്ന തൃപ്പൂണിത്തുറ റോഡിലെ ക്ഷേത്രത്തിനു മുന്നില്‍ വന്‍ തിരക്ക്‌ അനുഭവപ്പെട്ടു.

എറണാകുളം നഗരത്തില്‍ നിന്ന്‌ പാലത്തിനടിയിലൂടെ വരുന്ന വാഹനങ്ങള്‍ ഹബിലേക്ക്‌ നേരിട്ട്‌ പോകാതെ ക്ഷേത്രത്തിനു മുന്നില്‍ നിന്ന്‌ ഇടതുതിരിഞ്ഞ്‌ ഹബിലേക്ക്‌ പോകുന്നവിധം ട്രാഫിക്‌പരിഷ്‌കരിച്ചതാണ്‌ ക്ഷേത്രത്തിനു മുന്നില്‍ വന്‍ കുരുക്കിന്‌ ഇടയാക്കിയത്‌. ക്ഷേത്രത്തിനു മുന്നില്‍ സ്‌റ്റോപ്പ്‌ അനുവദിക്കാത്തതും യാത്രക്കാരെ വലച്ചിട്ടുണ്ട്‌. മുഴുവന്‍ സ്വകാര്യബസുകളും ഹബില്‍ മാത്രമേ നിര്‍ത്തുകയുള്ളൂ എന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിനു സമീപമുള്ള അടിപ്പാതയില്‍ വന്‍ ഗതാഗതക്കുരുക്ക്‌ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ പുതിയ പരിഷ്‌കാരം നടപ്പിലാക്കാന്‍ തീരമാനിച്ചത്‌.കൂടുതല്‍ പോലീസിനെ നിയോഗിച്ചാണ്‌ കാര്യങ്ങള്‍ ഒരുവിധം ഒപ്പിച്ചു മുന്നോട്ടു പോകുന്നത്‌. പതിനഞ്ചോളം പോലീസുകാരെയാണ്‌ ഇവിടെ വിന്യസിച്ചിരിക്കുന്നത്‌.സിഗ്നലുണ്ടായിട്ടും ഇത്രയധികം പോലീസുകാരെ വിന്യസിക്കുന്നത്‌ പോലീസിനെയും ബുദ്ധിമുട്ടിലാക്കുന്നു.എറണാകുളം സിറ്റിയിലേക്കും പരിസങ്ങളിലേക്കും തൃപ്പൂണിത്തുറ ഭാഗത്തു നിന്ന്‌ വരുന്നവര്‍ അഞ്ചും പത്തും മിനിറ്റ്‌ സിഗ്നലില്‍ കിടക്കേണ്ടതായും വരുന്നുണ്ട്‌.എസ്‌.എ. റോഡില്‍ നിന്ന്‌ സിറ്റിക്കുപുറത്തേക്ക്‌ (തൃപ്പൂണിത്തുറ, കുണ്ടന്നൂര്‍, ഹബ്‌) എന്നിവിടങ്ങളിലേക്ക്‌ പോകേണ്ട വാഹനങ്ങള്‍ ജംഗ്‌ഷനില്‍ എത്തി എസ്‌.എ. റോഡില്‍ മെട്രോ തൂണിന്റെ വിടവിലൂടെ വലത്തോട്ട്‌ തിരിഞ്ഞ്‌ ട്രാഫിക്‌ പോലീസിന്റെ എയ്‌ഡ്പോസ്‌റ്റിനോട്‌ ചേര്‍ന്ന്‌ മേല്‍പ്പാലത്തിന്റെ അടിയിലൂടെ പോകുന്ന വിധമാണ്‌ ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്‌. എറണാകുളത്തു നിന്ന്‌ എസ്‌.എ. റോഡില്‍ നിന്ന്‌ നേരേ അടിപ്പാതവഴി ഹബിലിലേക്കു പോകുന്ന വഴി കയര്‍ കെട്ടി അടച്ചിരിക്കുകയാണ്‌.