മോഡി സ്റ്റേഡിയത്തില്‍ അദാനിക്കും റിലയന്‍സിനും പവലിയന്‍ എന്‍ഡുകള്‍ ; 500 കോടി സംഭാവന, നിര്‍മ്മാണചിലവ് 800 കോടി

മോഡി സ്റ്റേഡിയത്തില്‍ അദാനിക്കും റിലയന്‍സിനും പവലിയന്‍ എന്‍ഡുകള്‍ ; 500 കോടി സംഭാവന, നിര്‍മ്മാണചിലവ് 800 കോടി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത മൊട്ടേര സ്റ്റേഡിയത്തില്‍ 25 വര്‍ഷത്തേക്ക് അദാനിയും റിലയന്‍സും ചെലവഴിച്ചത് 500 കോടി ചെലവഴിച്ച്‌ പവലിയന്‍ വാങ്ങി. സ്റ്റേഡിയം പുതുക്കിപ്പണിയാനുള്ള മൊത്തം ചെലവ് 800 കോടിയാണെന്നിരിക്കെ സ്റ്റേഡിയത്തിലെ പവലിയന്‍ എന്‍ഡുകള്‍ കോര്‍പറേറ്റ് ഭീമന്മാരായ റിലയന്‍സിന്റെയും അദാനിയുടെയും പേരില്‍ നല്‍കിയത് വിവാദമായിരുന്നു.

സ്റ്റേഡിയത്തിലെ ഓരോ കോര്‍പറേറ്റ് ബോക്‌സുകളും 250 കോടി സംഭാവനകള്‍ക്ക് പുറമേ ജിഎസ്ടിയും നല്‍കിയാണ് രണ്ടു കമ്ബനികളും സ്വന്തമാക്കിയതെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ വിശദീകരണം. സംഭാവന നല്‍കിയ കമ്ബനിയുടെ പേരില്‍ പവലിയന്‍ എന്‍ഡുകള്‍ നല്‍കണമെന്നായിരുന്നു കരാറെന്നു ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനമായ ജിഡിഎംസിയുടെ പേരിലുണ്ടായിരുന്ന എന്‍ഡാണ് റിലയന്‍സ് ​വാങ്ങിയത്. അദാനി എന്‍ഡ് നേരത്തെ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ഇവയ്ക്ക് പുറ​മേ സ്റ്റേഡിയത്തിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗത്തെ കോര്‍പറേറ്റ് ബോക്‌സുകളും വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്. 1,32,000 കാണികളെ ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ സ്റ്റേഡിയാണ് നരേന്ദ്രമോഡിയുടെ പേരില്‍ ബുധനാഴ്ച രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്. ​ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോഡി സ്റ്റേഡിയം തൊണ്ണൂറായിരം സീറ്റുകളുള്ള ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെയാണ് പിന്നിലാക്കിയത്.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയത്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്ബ് തീര്‍ത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റല്‍ ചടങ്ങ് നടന്നത്.