സംസ്ഥാനത്ത് പ്രതിദിന ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ 25,​000 മാത്രം, മൊബൈല്‍ ലാബുകള്‍ പരിഹാരമായേക്കും

സംസ്ഥാനത്ത് പ്രതിദിന ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ 25,​000 മാത്രം, മൊബൈല്‍ ലാബുകള്‍ പരിഹാരമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ കണ്ടെത്തുന്നതിനായി കൃത്യതയുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തുന്നതിന് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഇത്തരം പരിശോധനകളിലെ കാര്യക്ഷമതയില്ലായ്‌മ. കേരളത്തില്‍ നടക്കുന്ന കൊവിഡ് പരിശോധനകളില്‍ 65 ശതമാനവും ആന്റിജന്‍ പരിശോധനകളാണ്. ഫലം വേഗത്തില്‍ ലഭിക്കുമെന്നതാണ് കൃത്യതയില്ലാത്ത ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഒരു ലക്ഷം പരിശോധനകള്‍ നടത്തിയാല്‍ അതില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ 75 ശതമാനം (75,​000 ടെസ്റ്റുകള്‍)​ ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടും ആരോഗ്യവകുപ്പിന് അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

 ആര്‍.ടി.പി.സി.ആര്‍ 20,​000 - 25,​000

സംസ്ഥാനത്ത് ശരാശരി 20,​000നും 25,​000നും ഇടയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇത് വളരെ കുറവാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 149 ലാബുകളിലാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടക്കുന്നത്. ഇതില്‍ 44 എണ്ണം സര്‍ക്കാര്‍ ലാബുകളും 105 എണ്ണം സ്വകാര്യ ലാബുകളാണ്.

സംസ്ഥാനത്ത് 70,​000നും 90,​000നും ഇടയില്‍ കൊവിഡ് ടെസ്റ്റുകളാണ് പ്രതിദിനം നടക്കുന്നത്. ചിലപ്പോള്‍ ഈ കണക്ക് 35,​000- 30,​000നും ഇടയില്‍ ആകാറുമുണ്ട്. അതേസമയം,​ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തുകയാണെങ്കില്‍ പ്രതിദിനം 50,​000 എണ്ണം നടത്താന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍,​ അത് സാദ്ധ്യമാകുന്നില്ലെന്നതാണ് വസ്തുത. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ അതിന്റെ പൂര്‍ണ ശേഷിയില്‍ നടക്കാത്തതാണ് ഇതിന് കാരണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടു പോലും ഭൂരിഭാഗം ലാബുകളും ആര്‍.ടി.പി.സി ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയോ അതില്‍ക്കൂടുതലോ ആക്കാന്‍ തയ്യാറായിട്ടില്ല. ഇതേതുടര്‍ന്നാണ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ നിര്‍ദ്ദേശം നല്‍കിയത്. എന്നാലിപ്പോഴും ടെസ്റ്റുകള്‍ പഴയ പടിയാണ് നടക്കുന്നത്.

ടെസ്റ്റുകളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ മൊബൈല്‍ ലാബുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേയാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യ ഏജന്‍സിയുടെ മൊബൈല്‍ ലാബുകള്‍ വിന്യസിക്കുക. പുതിയ പരിശോധന പ്രോട്ടോക്കോള്‍ പ്രകാരം കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വ്യവസ്ഥ ചെയ്തിരുന്നു. സര്‍ക്കാര്‍ ലാബുകളില്‍ രണ്ടാം ഷിഫ്റ്റ് ഏര്‍പ്പെടുത്തിയാലും ഇത്രയധികം പരിശോധനകള്‍ പ്രായോഗികമല്ല. 448 രൂപ മുടക്കിയാല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്താം. അതിനാല്‍ തന്നെ കൂടുതല്‍ ലാബുകള്‍ പരിശോധനകള്‍ക്കായി മുന്നോട്ട് വരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നിലവില്‍ 1700 രൂപയാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക്. മാത്രമല്ല,​ വരും ദിവസങ്ങളില്‍ പല കാര്യങ്ങള്‍ക്കും ആര്‍.ടി.പി.സി.ആ‍ര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്.