പത്തനംതിട്ട അടൂരില്‍ സി.പി.എമ്മിനുള്ളില്‍ വിഭാഗീയത രൂക്ഷമാവുന്നു

പത്തനംതിട്ട അടൂരില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമാവുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സെക്രട്ടറിയേറ്റ് അംഗത്തിന്‍റെ തോൽവിക്ക് കാരണം വിഭാഗീയതയെന്ന് സി.പി.എം ജില്ലാ കമ്മിറ്റി.

2015-ല്‍ 634 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന ഏനാത്ത് ജില്ലാ ഡിവിഷനില്‍ മല്‍സരിച്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി ഹര്‍ഷകുമാര്‍ ഇത്തവണ 33 വോട്ടിന് തോറ്റിരുന്നു. സിറ്റിങ് സീറ്റിലെ പി.ബി ഹർഷകുമാറിന്‍റെ പരാജയത്തിന് പിന്നിൽ മറ്റൊരു സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് ഉയരുന്ന ആരോപണം. ഹർഷ കുമാറിന്‍റെ പരാജയം സംബന്ധിച്ച് പഠിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി. പാർട്ടിയുടെ പേരിൽ നടത്തിയ സ്ഥാനാര്‍ഥിക്കെതിരായ നോട്ടീസ് പ്രചാരണവും ബി.ജെ.പി.യുടെ വോട്ട് വർധനയും കമ്മീഷൻ പരിശോധിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെട്ടിരുന്ന ഹര്‍ഷകുമാറിന്‍റെ തോല്‍വി ഇടതു ക്യാമ്പില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചത്. ചില വാര്‍ഡുകളില്‍ റീ കൗണ്ടിങ് വരെ നടത്തിയെങ്കിലും 33 വോട്ടിന്‍റെ ലീഡില്‍ കോണ്‍ഗ്രസ് ജയിക്കുകയായിരുന്നു.
എല്‍.ഡി.എഫിന്‍റെ സിറ്റിങ് സീറ്റായിരുന്ന ഡിവിഷനില്‍ കോണ്‍ഗ്രസിലെ സി.കൃഷ്ണകുമാറാണ് പി.ബി ഹര്‍ഷകുമാറിനെ പരാജയപ്പെടുത്തിയത്.