ഈ സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് മുതല്‍. ഈ സര്‍ക്കാരിന്റെ കാലയളവിലെ അവസാന നിയമസഭാ സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം തുടങ്ങും. കര്‍ഷക സമരത്തെ പിന്തുണച്ചും കേന്ദ്ര നിലപാടിനെ വിമര്‍ശിച്ചുമുള്ള പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൂര്‍ണമായി വായിക്കുമോ എന്നതാണ് ഇന്നത്തെ ആകാംക്ഷ.
പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിക്കുന്ന ഭാഗം കഴിഞ്ഞ തവണ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ടു ഗവര്‍ണര്‍ വായിച്ചിരുന്നു. സമാന നിലപാട് ഇന്നു രാവിലെ 9ന് തുടങ്ങുന്ന പ്രസംഗത്തില്‍ അദ്ദേഹം സ്വീകരിച്ചേക്കും. കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെയും തദ്ദേശീയരുടെയും പുനരധിവാസമാകും നയപ്രഖ്യാപനത്തിലെ ഊന്നല്‍. നാലര വര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങളും ചൂണ്ടിക്കാട്ടും.
12 മുതല്‍ 14 വരെ നന്ദിപ്രമേയ ചര്‍ച്ച. അടുത്ത വര്‍ഷത്തെ ബജറ്റ് 15ന് രാവിലെ 9ന് മന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ബജറ്റിനേക്കുറിച്ചുള്ള ചര്‍ച്ച 18 മുതല്‍ 20 വരെ. അന്തിമ ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും 21ന്. ആദ്യ 4 മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടിന്മേല്‍ ചര്‍ച്ചയും വോട്ടെടുപ്പും 25ന്. 27, 28 തീയതികളില്‍ അടിയന്തരമായി പാസാക്കേണ്ട ബില്ലുകള്‍ അവതരിപ്പിക്കാനാണു സാധ്യത. കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ വിവാദമായ സിഎജി റിപ്പോര്‍ട്ടും ഈ സമ്മേളനത്തില്‍ മേശപ്പുറത്തു വയ്ക്കും.



Author Coverstory


Comments (0)