ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; മണി ചെയിന്‍ ഇടപാടിലൂടെ കോടികളുടെ അനധികൃതനിക്ഷേപം, മോറിസ് കോയിന്‍ തട്ടിപ്പിനു പിന്നാലെ എട്ടു വ്യാജ കമ്ബനികള്‍ വെളിച്ചത്ത്
കൊച്ചി: മണി ചെയിന്‍ ഇടപാടിലൂടെ കോടികളുടെ അനധികൃതനിക്ഷേപം സ്വീകരിച്ച സംഭവത്തില്‍ കൂടുതല്‍ വ്യാജസ്‌ഥാപനങ്ങളുടെ പേരുകള്‍ പുറത്ത്. ക്രിപ്‌റ്റോ കറന്‍സി വ്യാപകമായതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച മോറിസ് കോയിന്‍ തട്ടിപ്പിനു പിന്നാലെയാണ് എട്ട് വ്യാജസ്‌ഥാപനങ്ങളുടെ പേരുകള്‍കൂടി നിക്ഷേപകര്‍ പുറത്തുവിട്ടത്.
സൂമിക്‌സ്, ഗ്രോവെല്‍ത്ത്, ലോങ് റിച്ച് ഗ്ലോബല്‍, ഹെഡ്‌ജ്, യൂണിവേഴ്‌സല്‍, ബ്രൈറ്റ്, സ്‌പോട്ട് ട്രേഡിങ്, ക്യാപിറ്റല്‍ ട്രേഡിങ് എന്നീ പേരുകളിലാണു വ്യാപകതട്ടിപ്പ്. മോറിസ് കോയിന്‍ വാങ്ങുന്നവര്‍ക്ക് ഉയര്‍ന്നലാഭം വാഗ്‌ദാനം ചെയ്‌ത ഇടപാടില്‍ വിവിധ ജില്ലകളിലായി നിരവധിപേര്‍ തട്ടിപ്പിനിരയായി. അമേരിക്ക ആസ്‌ഥാനമായ പ്രമുഖ എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ് ചെയ്യപ്പെടാന്‍ പോകുന്നുവെന്ന അറിയിപ്പോടെയാണു മോറിസ് കോയിന്‍ തട്ടിപ്പിനു വലവിരിച്ചത്.
മുംബൈ ആസ്‌ഥാനമായ ഇ-കൊമേഴ്‌സ് സ്‌ഥാപനം കമ്ബനിയെ ഏറ്റെടുത്തിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചു. 11 ലക്ഷത്തോളം പേര്‍ മോറിസ് പേ വാലറ്റ് ഉപയോഗിക്കുന്നുണ്ടെന്നു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
മലപ്പുറം ജില്ല കേന്ദ്രീകരിച്ചാണു കൂടുതല്‍ തട്ടിപ്പ്. എന്നാല്‍, പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് സാങ്കേതികതടസം ഉന്നയിക്കുകയാണെന്നു നിക്ഷേപകര്‍ ആരോപിച്ചു. വിവിധ ജില്ലകളില്‍ പോലീസിനു തെളിവുസഹിതം പരാതി നല്‍കിയിട്ടും അന്വേഷണം മുന്നോട്ടുനീങ്ങുന്നില്ലെന്നു നിക്ഷേപകരുടെ അഭിഭാഷകന്‍ ഒമര്‍ സലീം പറഞ്ഞു.
മോറിസ് കോയിന്‍ തട്ടിപ്പ് കേസില്‍ ലോങ് റീച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. നിഷാദ് കിളിയിടുക്കിലിനെതിരേ പോലീസ് ലുക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണിത്. ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം തേടിയ നിഷാദ് സമയപരിധി കഴിഞ്ഞിട്ടും അന്വേഷണോദ്യോഗസ്‌ഥര്‍ക്കു മുന്നില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണു മലപ്പുറം പോലീസ് ലുക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിക്കുന്നത്. മണി ചെയിന്‍ ഇടപാടിലൂടെ കോടികളുടെ അനധികൃതനിക്ഷേപം സ്വീകരിച്ചതിനു പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) നിയമപ്രകാരമാണു നിഷാദിനെതിരായ കേസ്. ഇയാളുടെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കു കഴിഞ്ഞ ഒമ്ബതുമാസത്തിനിടെ 1200 കോടി രൂപ എത്തിയതായി കണ്ടെത്തി. അക്കൗണ്ട് മരവിപ്പിച്ചശേഷം വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനു കൈമാറി.
Comments (0)