സ്വപ്നയും സരിത്തും മാപ്പുസാക്ഷികളായേക്കും....

സ്വപ്നയും സരിത്തും മാപ്പുസാക്ഷികളായേക്കും....

സ്വർണം, ഡോളർക്കടത്തു കേസുകളിൽ പ്രതികളായ സ്വപ്നാ സുരേഷും, പി.എസ്. സരിത്തും കോടതിയിൽ നൽകുന്ന മൊഴികളിൽ ചില ‘പ്രധാനികളുടെ’ പേരുണ്ടെന്ന് സൂചന. ഇതിലൂടെ ‘വമ്പൻ സ്രാവുകൾ’ എന്ന് കോടതിരേഖയിൽ വിശേഷിപ്പിച്ചവരുടെ അറസ്റ്റുകളും ഉടനുണ്ടാകും. മജിസ്‌ട്രേറ്റിനുമുന്നിൽ സ്വമേധയാ കുറ്റസമ്മതമൊഴി നൽകുന്ന സ്വപ്നയും സരിത്തും മാപ്പുസാക്ഷികളായേക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ സ്വപ്നയും സരിത്തും നൽകുന്ന രഹസ്യമൊഴി കേസിന്റെ ഗതി മാറ്റുന്നതായിരിക്കും.

മുൻ െഎ.ടി. സെക്രട്ടറി എം. ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖർക്കുകൂടി ഡോളർക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കസ്റ്റംസിനോട് സ്വപ്നയും സരിത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കോടതിയിൽ രഹസ്യമൊഴി നൽകാനുള്ള തീരുമാനമുണ്ടായത്.

തിങ്കളാഴ്ച ഡോളർക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും. ഇതിനുശേഷം അതത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപർക്ക് ഈ മൊഴികൾ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും. 

ഇതു പൂർത്തിയായാൽ മാപ്പുസാക്ഷികളാവാൻ കോടതിക്ക് ഇരുവരും അപേക്ഷ നൽകുമെന്നാണു കരുതുന്നത്.