കർഷകസമരം ഇന്ന് നിർണായക ചർച്ച: സമവായമാർഗം തേടി സർക്കാർ
കാർഷികപരിഷ്കരണനിയമങ്ങളിൽ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകൾ ഭേദഗതിചെയ്യാമെന്ന് കേന്ദ്രസർക്കാർ. ശനിയാഴ്ച നടക്കുന്ന ചർച്ചയിൽ ഈ നിലപാടാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുക. വ്യാഴാഴ്ചനടന്ന ചർച്ചയിൽ ഈ നിർദേശങ്ങൾ സർക്കാർ അവതരിപ്പിച്ചെങ്കിലും കർഷകസംഘടനകൾ അംഗീകരിച്ചില്ല.
താങ്ങുവിലസംവിധാനം തുടരുമെന്ന ഉറപ്പിനുപുറമേ രണ്ടുവ്യവസ്ഥകളിൽ ഭേദഗതിവരുത്താമെന്നാണ് കർഷകസംഘടനകൾക്ക് കേന്ദ്രം നൽകുന്ന വാഗ്ദാനം. മൂന്നുനിയമങ്ങളിൽ, കൂടുതൽ വിവാദമുയർത്തുന്ന വ്യവസ്ഥകളടങ്ങിയ കാർഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (പ്രോത്സാഹനവും സൗകര്യമൊരുക്കലും) സംബന്ധിച്ച നിയമത്തിൽ കർഷകരുടെ ആശങ്കകൾ പരിഗണിച്ച് ഭേദഗതികൾ കൊണ്ടുവരാമെന്നാണ് സർക്കാർ പറയുന്നത്.
നിയമത്തിലെ ആറാമത്തെ വ്യവസ്ഥയ്ക്കുനേരെയാണ് കടുത്ത എതിർപ്പ് കർഷകസംഘടനകൾ ഉയർത്തിയിരിക്കുന്നത്. ഈ വ്യവസ്ഥയിലാണ് കമ്പോളത്തെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും പുതിയ നിർവചനം ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കാർഷികോത്പന്ന കമ്പോളസമിതി (എ.പി.എം.സി)യാണ് ‘മണ്ഡി’കളെ നിയന്ത്രിക്കുന്നത്.
പുതിയ നിയമപ്രകാരം വാങ്ങലും വിൽപ്പനയും നടക്കുന്ന ഏതുമേഖലയും കമ്പോളത്തിന്റെ നിർവചന പരിധിയിൽവരും. ഇതോടെ കാർഷികോത്പന്ന കമ്പോളസമിതിയുടെ പരിധിയിലുള്ള ചന്തകൾക്ക് (മണ്ഡികൾക്ക് )പുറത്തുനടക്കുന്ന വ്യാപാര ഇടപാടുകളെയും കമ്പോളത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തും.
കമ്പോളസമിതിയുടെ നിയന്ത്രണത്തിലുള്ള വ്യാപാര ഇടപാടുകൾക്ക് നിലവിൽ മാർക്കറ്റ് ഫീസ് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം ഗ്രാമീണവികസന സെസും പിരിക്കും. പഞ്ചാബിൽ മൂന്നുശതമാനം വീതവും ഹരിയാണയിൽ രണ്ടുശതമാനം വീതവുമാണ് ഈടാക്കുന്നത്. ഉത്പന്നത്തിന്റെ വിലനിശ്ചയിക്കുന്നത് ഈ നിരക്കുകൾ കൂടി ഉൾപ്പെടുത്തിയാണ്. എന്നാൽ, എ.പി.എം.സി.കൾക്ക് പുറത്തുള്ള സ്വകാര്യ വിൽപ്പനകേന്ദ്രങ്ങളിൽ മാർക്കറ്റ് ഫീസും സെസുമില്ല. ഇത് വിലകളിൽ ഏറ്റക്കുറച്ചിലുണ്ടാക്കുകയും മണ്ഡികളിലെ വിൽപ്പനയെ ബാധിക്കുകയും ചെയ്യുമെന്നാണ് പരാതി.
ഇതുമൂലം മണ്ഡികൾ തകരുന്നതോടെ എ.പി.എം.സി.കൾക്ക് പുറത്തുള്ള സ്വകാര്യവ്യാപാരികൾ ഉത്പന്നവിൽപ്പനയെ നിയന്ത്രിക്കുന്ന സ്ഥിതിയാകുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. എന്നാൽ, രണ്ടുതരം കമ്പോളങ്ങളെയും തുല്യമായി കൈകാര്യംചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്താമെന്നാണു കേന്ദ്രസർക്കാർ ചർച്ചകളിൽ പറയുന്നത്.
നിയമത്തിലെ പതിനഞ്ചാമത്തെ വ്യവസ്ഥയ്ക്കുനേരെയും പ്രതിഷേധമുണ്ട്. വ്യാപാരവുമായി ബന്ധപ്പെട്ട കേസുകൾക്ക് സിവിൽ കോടതികളെ സമീപിക്കാതെ പ്രാദേശിക തലത്തിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരോ ജില്ലാകളക്ടർമാരോ നിയമിക്കുന്ന തർക്കപരിഹാരസംവിധാനത്തിലൂടെ കൈകാര്യംചെയ്യണമെന്ന വ്യവസ്ഥയ്ക്കുനേരെയും എതിർപ്പുണ്ട്. ഇത്തരം സംവിധാനങ്ങൾ കാലതാമസമുണ്ടാക്കുമെന്നും തങ്ങൾക്ക് നീതി ലഭിക്കില്ലെന്നുമാണ് കർഷകരുടെ പരാതി. കോടതിയെ സമീപിക്കാനുള്ള വ്യവസ്ഥ വേണമെന്നാണ് കർഷകരുടെ ആവശ്യം. ഈ വ്യവസ്ഥ പുനഃപരിശോധിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ചർച്ചയിൽ വാഗ്ദാനം ചെയ്തു.
എന്നാൽ, ഈ വാഗ്ദാനങ്ങളോടൊന്നും കർഷകസംഘടനകൾ അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. ബില്ലുകൾ പിൻവലിക്കാതെ അയവില്ലെന്നാണ് സംഘടനകളുടെ നിലപാട്. ദേശീയ വൈദ്യുതിഭേദഗതിബിൽ, കറ്റ കത്തിക്കലിന് ശിക്ഷാനടപടി ഉറപ്പാക്കുന്ന ഓർഡിനൻസ് എന്നിവയ്ക്കുനേരെയും കർഷകസംഘടനകൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
Comments (0)