കുത്തിവയ്‌പ്പിന്‌ കേരളം തയാര്‍

കുത്തിവയ്‌പ്പിന്‌ കേരളം തയാര്‍

തിരുവനന്തപുരം: ചരിത്രം കുറിച്ച്‌, രാജ്യമെമ്ബാടും ഇന്നു കോവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കേ, കേരളവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വിവിധ ജില്ലകളിലെ തയാറെടുപ്പ്‌ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ജില്ലാ കലക്‌ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്‌.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട കോവിഡ്‌ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയതായി മന്ത്രി പറഞ്ഞു.
കുത്തിവയ്‌പ്പെടുക്കാന്‍ വരുന്നവരും ഉദ്യോഗസ്‌ഥരുമടക്കം മാസ്‌ക്‌ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൈകള്‍ ഇടയ്‌ക്കിടെ ശുചിയാക്കണം.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല.
പ്രവേശനം ഗുണഭോക്‌താക്കള്‍ക്കും വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രം.
കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ബോധവത്‌കരണ പോസ്‌റ്ററുകള്‍ പതിക്കണം.
വാക്‌സിനേഷന്‍ ബൂത്തുകള്‍ ഇടയ്‌ക്കിടെ ശുചിയാക്കുകയും അണുമുക്‌തമാക്കുകയും വേണം.
രോഗലക്ഷണമുള്ളവരെ പ്രവേശനകവാടത്തില്‍ തിരിച്ചറിഞ്ഞ്‌ മതിയായ ആരോഗ്യപരിചരണം നല്‍കണം.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്‌ടറുടെ സേവനം ലഭ്യമാണ്‌. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍പോലും പരിഹരിക്കും.

നടപടികള്‍ ഇങ്ങനെ
ആദ്യദിവസം ഒരു കേന്ദ്രത്തില്‍നിന്നു 100 പേര്‍ക്കാണു വാക്‌സിന്‍ നല്‍കുന്നത്‌.
സമയം രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട്‌ അഞ്ചുവരെ.
വാക്‌സിന്‍ സ്വീകരിക്കേണ്ട സമയവും സ്‌ഥലവും ഗുണഭോക്‌താവിന്റെ ഫോണില്‍ എസ്‌.എം.എസായി എത്തും.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കാത്തിരിപ്പുമുറി, കുത്തിവയ്‌പ്പ്‌ മുറി, നിരീക്ഷണമുറി എന്നിവയുണ്ടാകും.
നടപടികള്‍ നിയന്ത്രിക്കാന്‍ അഞ്ച്‌ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍.
വാക്‌സിന്‍ സ്വീകരിക്കേണ്ടയാള്‍ കാത്തിരിപ്പ്‌ മുറിയില്‍ പ്രവേശിക്കുന്നതിനു മുമ്ബ്‌ ഒന്നാമത്തെ ഉദ്യോഗസ്‌ഥന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ പരിശോധിക്കും.
രണ്ടാമത്തെ ഉദ്യോഗസ്‌ഥന്‍ കോവിന്‍ ആപ്പില്‍ വ്യക്‌തിവിവരങ്ങള്‍ പരിശോധിച്ച്‌ ഉറപ്പാക്കും.
ആള്‍ക്കൂട്ടനിയന്ത്രണം, നിരീക്ഷണമുറിയിലെ ബോധവത്‌കരണം, എ.ഇ.എഫ്‌.ഐ. കിറ്റ്‌ നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്‌ഥര്‍ നിര്‍വഹിക്കും.
ഇടതുകൈയുടെ മുകള്‍ഭാഗത്താണു കുത്തിവയ്‌പ്പ്‌.
കുത്തിവയ്‌പ്പ്‌ നല്‍കിയശേഷം നിരീക്ഷണമുറിയിലേക്കു മാറ്റും.
30 മിനിട്ട്‌ നിരീക്ഷണത്തിനുശേഷം പാര്‍ശ്വഫലങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ തിരിച്ചുപോകാം.
വാക്‌സിന്‍ എടുത്തുകഴിഞ്ഞാല്‍ എന്തുചെയ്യണം, എന്ത്‌ ചെയ്യരുത്‌ എന്ന്‌ ബോധവത്‌കരണം നല്‍കും.
21 ദിവസത്തിനുശേഷമാണു രണ്ടാമത്തെ ഡോസ്‌ നല്‍കുക.
രണ്ടു ഡോസും എടുത്താലേ ഫലം ലഭിക്കൂ.

സിറിഞ്ചിനും പ്രത്യേകതയേറെ

കോവിഡ്‌ വാക്‌സിന്‍ കുത്തിവയ്‌പ്പിന്‌ ഉപയോഗിക്കുന്നത്‌ ഓട്ടോ ഡിസേബിള്‍ സിറിഞ്ച്‌.
ഒരുതവണ കുത്തിവച്ചാല്‍ സിറിഞ്ച്‌ തനിയെ ലോക്കാകും.