ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ കവർന്ന സംഘത്തിലെ പ്രധാനി പിടിയിൽ

മൂവാറ്റുപുഴ: ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്നും കോടികൾ കവർന്ന സംഘത്തിലെ പ്രധാന പ്രതി ബാംഗ്ലൂരിൽ നിന്നും എറണാകുളം റൂറൽ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്. കേരളത്തിൽ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയിൽ ഒന്നര കോടിയിലേറെ രൂപയാണ് തട്ടിയത്. ഇതിൽ മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽനിന്നും മാത്രം നഷ്ടപ്പെട്ടത് 55 ലക്ഷം രൂപയാണെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. തൃശൂരിൽ മൂന്ന് പേരുടെ അക്കൗണ്ടുകളിൽ നിന്നായി 83.75 ലക്ഷം രൂപ തട്ടിയെടുത്തു.

ഓൺലൈനുമായി ബന്ധപ്പെട്ടുള്ള അക്കൗണ്ടുകളിൽ പണം ഉള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതിൽ നിന്നും യൂസർ ഐഡിയും പാസ്‌വേഡും സ്വന്തമാക്കും. തുടർന്ന് ഫോണിലേക്ക് വരുന്ന ഓ ടി പി നമ്പർ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനുവേണ്ടി സംഘത്തിലെ ഒരാൾ കേരളത്തിൽ വന്ന വ്യാജ ആധാർ കാർഡും വോട്ടേഴ്സ് ഐഡിയിൽ നിർമ്മിച്ച വിവിധ മൊബൈൽ കമ്പനികളിൽ നിന്നും അക്കൗണ്ടുമാരുടെ ഡ്യൂപ്ലിക്കേറ്റ് സിം  കരസ്ഥമാക്കും.അതിനുശേഷം ഈ സിമ്മിലേക്ക് ഒ.ടി.പി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവൻ കവരുകയാണ് ചെയ്യുന്നത്.

യഥാർത്ഥ സിം ഉള്ളയാൾ സിം ബ്ലോക്കായി കിടക്കുന്നതിനാൽ ബാങ്കിൽ നിന്നും വരുന്ന മെസ്സേജ് അറിയുകയില്ല. മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബിഎസ്എൻഎൽ  ഓഫീസുകൾ വഴിയാണ് വാങ്ങിയത്.അഞ്ചു ദിവസങ്ങളാണ് 85 ലക്ഷം രൂപ സംഘം പിൻവലിച്ചു.

പണം പോയിരിക്കുന്നത് കൊൽക്കത്തയിലെ 4 ബാങ്ക് അക്കൗണ്ടിലേക്കും.  തൃശ്ശൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും പണം എടുത്തത് ആലുവയിലെ മൊബൈൽ ഓഫീസിൽ നിന്നും കരസ്ഥമാക്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് വഴിയാണ്.ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘം ബാംഗ്ലൂരിൽ വലിയൊരു ഓപ്പറേഷന് തയ്യാറെടുക്കുകയായിരുന്നു.കേരളത്തിൽ കൂടുതൽ പേരുടെ പണം ഇത്തരത്തിൽ തട്ടിപ്പ് സംഘം കരസ്ഥമാക്കി എന്നാണ് സൂചന സൈബർ സിഐ കെ ജി ഗോപകുമാറിനാണ്  അന്വേഷണ ചുമതല.