പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കെന്താ കൊമ്പുണ്ടോ ? ഔദ്യോഗിക ഫോണ്‍ നോക്കുകുത്തിയെന്ന് ആക്ഷേപം .
പത്തനംതിട്ട : പത്തനംതിട്ട ജില്ലാകളക്ടര്‍ക്കെന്താ കൊമ്പുണ്ടോ ?, ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്ക് വിളിച്ചാല്‍ എടുക്കില്ലെന്നും തിരിഞ്ഞുനോക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ പത്തനംതിട്ട ജില്ലക്കാരുടെ പരാതി. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചാല്‍ പോലും കളക്ടര്‍ ഫോണ്‍ എടുക്കില്ല. പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുക കൂടെയുള്ള ജീവനക്കാരാണ്. അല്ലെങ്കില്‍ കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് കാള്‍ ഫോര്‍വേഡ് ചെയ്യപ്പെടും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ ഇവര്‍ക്ക് കഴിയില്ല. തിരികെ വിളിക്കുവാന്‍ പറഞ്ഞാല്‍ വിളിക്കുകയുമില്ല. ഫലത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ജില്ലയിലെ ജനങ്ങളോടൊപ്പം ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മുമ്പുണ്ടായിരുന്ന ജില്ലാ കളക്ടര്‍ നൂഹ് സാര്‍ ദൈവമായിരുന്നു എന്ന് ചിലര്‍ ഇപ്പോള്‍ ആണയിട്ടു പറയുന്നു. കാരണം എപ്പോള്‍ വിളിച്ചാലും ഫോണ്‍ എടുക്കും, വാട്സാപ് മെസ്സേജുകള്‍ക്ക് മറുപടി നല്‍കും, കൂടാതെ പത്തനംതിട്ട ജില്ലാ കളക്ടരുടെ ഫെയ്സ് ബുക്ക് പേജിലെ കമന്റുകള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. ജില്ലാ കളക്ടറുടെ ഔദ്യോഗിക പരിവേഷത്തിനപ്പുറം സാധാരണ ജനങ്ങളുമായി അടുത്തിടപഴകിയ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു പി.ബി നൂഹ് എന്ന കളക്ടര്‍ ബ്രോ. ഊണും ഉറക്കവും ഉപേക്ഷിച്ച് പത്തനംതിട്ടയിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരു കളക്ടര്‍ ആയിരുന്നു പി.ബി.നൂഹ്. കോന്നി എം.എല്‍.എ ജെനീഷ് കുമാറിനൊപ്പം ആവണിപ്പാറ ഗിരിജന്‍ കോളനിയിലേക്ക് ഭക്ഷണസാധനങ്ങള്‍ തോളിലേറ്റി ആറ്റിലൂടെ നടന്നുകയറിയ പി.ബി നൂഹിനെ മലയാളികള്‍ മറക്കില്ല.
എന്നാല്‍ ഇപ്പോഴുള്ള ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഇതില്‍നിന്നും വ്യത്യസ്തയാണ്. എപ്പോള്‍ വിളിച്ചാലും മീറ്റിങ്ങിലാണ്. ജനങ്ങള്‍ പരാതി നല്‍കിയാല്‍ തിരിഞ്ഞു നോക്കില്ല, കൃത്യമായ ഉത്തരവും ഇല്ല. ഇതാണ് ഇപ്പോള്‍ വ്യാപകമായ പരാതിക്ക് ഇടയാക്കിയത്. ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് അപ്പുറം ജനങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കുവാന്‍ ജില്ലാ കളക്ടര്‍ തയ്യാറാകുന്നില്ല. ഡോ.ദിവ്യ എസ് അയ്യര്‍ കോണ്‍ഗ്രസ് നേതാവ് ശബരീനാഥിന്റെ ഭാര്യയാണെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോലും ഇപ്പോള്‍ കളക്ടര്‍ക്കെതിരാണ്.
Comments (0)