അന്താരാഷട്ര ആണവ വേദിയില്‍ ചൈനയെ മലര്‍ത്തിയടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : വിയന്നയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ(ഐ.എ.ഇ.എ) പൊതുസമ്മേളനത്തില്‍ ഓക്കസ് സഖ്യത്തിനെതിരെ കൊണ്ടുവന്ന കരട് പ്രമേയം പിന്‍വലിച്ച് ചൈന. നീക്കത്തിന് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് നടപടി. ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രമേയത്തിന് പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ ഐ.എ.ഇ.എ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് ആണവോര്‍ജ്ജമുള്ള അന്തര്‍വാഹിനികള്‍ നല്‍കാന്‍ ശ്രമിച്ചതിനെതിരെയാണ് ഓക്കസ് സഖ്യത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ ചൈന ശ്രമിച്ചത്. പൊതുസമ്മേളനത്തിന്റെ അവസാന നിമിഷം വരെ മറ്റ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിയിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നതോടെയാണ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ പ്രമേയം പിന്‍വലിച്ചത്. ചൈനയുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തിനും മറ്റ് രാജ്യങ്ങള്‍ക്കു മേല്‍ പുലര്‍ത്താന്‍ നോക്കുന്ന അധീശത്വത്തിനും തടയിടുക എന്ന ലക്ഷ്യത്തിലാണ് യുഎസ്, ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഓക്കസ് എന്ന പ്രതിരോധ മുന്നണിക്ക് തുടക്കം കുറിച്ചത്. സഖ്യത്തിന്റെ ഭാഗമായിട്ടാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിവ്യൂഹം പണിയാന്‍ യുഎസും ബ്രിട്ടനും സഹായിക്കാമെന്ന ധാരണയായത്. ഓക്കസ് സഖ്യത്തിന് കീഴില്‍ എട്ട് ആണവോര്‍ജ്ജ അന്തര്‍വാഹിനികള്‍ ഓസ്ട്രേലിയയ്ക്ക് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഇന്തോ-പസഫിക്കിലടക്കം ചൈനയുടെ വര്‍ധിച്ചുവരുന്ന കടന്നു കയറ്റത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു നീക്കം. എന്നാല്‍ ആണവ ഉടമ്ബടിയുടെ ലംഘനമാണ് നടക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രധാന ആരോപണം. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലാണ് ചൈനയുടെ പിന്മാറ്റത്തിന് കാരണമെന്ന് ഐ.എ.ഇ.എയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഓക്കസ് രാജ്യങ്ങളുമായി മികച്ച നയതന്ത്രം ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ.



Editor CoverStory


Comments (0)