വൈദ്യുതിനിരക്ക് കൂട്ടാൻ കെഎസ്ഇബി നുണ പറയുന്നോ? ആ കോടികളുടെ ലാഭം എവിടെ?
വല്ലാത്ത നഷ്ടം. ഇങ്ങനെ പോയാൽ പിടിച്ചുനിൽക്കാനാവില്ല’
ദാരിദ്ര്യം പറഞ്ഞു ജനങ്ങളിൽനിന്നു വൈദ്യുതിക്ക് അധിക തുക ഇൗടാക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) നിരത്തുന്ന ന്യായങ്ങൾ ഇതുകൊണ്ടൊന്നും തീരുന്നില്ല. ആളുകളെ ആശ്വസിപ്പിക്കാൻ ഇത്രകൂടി പറയുന്നു–‘ഉടനൊന്നും നിരക്കു കൂട്ടുന്നില്ലട്ടോ... കുറച്ചു കഴിഞ്ഞേയുള്ളു’.
പണി വരുന്നുണ്ടവറാച്ചാ... എന്നു സാരം.
ഡിസംബർ 31നകം കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷനു മുന്നിൽ കണക്കു കൊടുക്കണം. വൈദ്യുതി നിരക്കു കൂട്ടാനുള്ള കാരണങ്ങളും ബോർഡ് ഇതിനൊപ്പം നൽകും. റെഗുലേററ്ററി കമ്മിഷൻ ജനങ്ങളിൽനിന്നു തെളിവെടുക്കും. അതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി നിരക്കിൽ തീരുമാനമെടുക്കും.. വൈദ്യുതി ബോർഡിൽനിന്നു പോകുന്നവരാണ് റെഗുലേറ്ററി കമ്മിഷനിൽ കൂടുതലും എന്നതിനാൽ ജനങ്ങളുടെ ആശങ്കകകളേക്കാൾ അവർക്കു ബോർഡ് നിരത്തുന്ന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാവും.അതായത് , മാർച്ചിൽ പുതിയ വൈദ്യുതി താരിഫ് നിലവിൽ വരുമെന്ന് അർഥം. ഇപ്പോഴില്ല എന്നു ബോർഡ് പറയുന്നതിന്റെ ആശ്വാസം ഇത്രയുമേയുള്ളൂ. ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കൾക്കു നൽകുമ്പോൾ 11 പൈസ നഷ്ടമാണെന്നാണു വൈദ്യുതി ബോർഡ് പറയുന്നത്. വല്ലാത്ത നഷ്ടക്കച്ചവടം തന്നെ! പക്ഷേ ഇത് അതേപടി അംഗീകരിക്കാൻ എളുപ്പമല്ലെന്നു കണക്കുകൾ തെളിയിക്കുന്നു. ഇന്ത്യ ഇന്ന് വൈദ്യുതി മിച്ച രാജ്യമാണ്. ശരാശരി 3–3.50 രൂപയ്ക്ക് മുഴുവൻ ദിവസവും വൈദ്യുതി ലഭിക്കും. ഇതിന് അപവാദമുണ്ടായതു കൽക്കരി പ്രതിസന്ധിയുണ്ടായ ഏതാനും ആഴ്ചകളിൽ മാത്രം.അപ്പോൾ വളരെക്കുറച്ചു സമയത്തേക്കു യൂണിറ്റിന് 18 രൂപ വരെ ഉയർന്നു. എത്ര പ്രതിസന്ധി ഉണ്ടായാലും യൂണിറ്റിന് 20 രൂപയ്ക്ക് അപ്പുറത്തേക്കു വില ഉയരാനും പാടില്ല. കേരളത്തിൽ ഇൗ ജല വർഷം ഇതുവരെ വൈദ്യുതി മിച്ചമായിരുന്നു. അനിയന്ത്രിതമായി പെയ്ത മഴ ജലസംഭരണികൾ നിറച്ചതുമൂലം കെഎസ്ഇബിക്ക് മുഴുവൻ ഉൽപാദനം നടത്തിയേ മതിയാകുമായിരുന്നുള്ളൂ. അങ്ങനെ കിട്ടിയ വൈദ്യുതി കെഎസ്ഇബിയും യൂണിറ്റിന് 18 രൂപയ്ക്കു കുറച്ചു നേരത്തേക്കെങ്കിലും വിറ്റിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വൈദ്യുതി ബോർഡ് പുറത്തുനിന്നു വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം വൈദ്യുതി വിറ്റു കിട്ടിയിട്ടുണ്ട്.ഇങ്ങനെയൊക്കെയാണെങ്കിലും വൈകിട്ട് 6 മുതൽ 10 വരെയുള്ള പീക് അവേഴ്സിൽ പുറത്തുനിന്നു വൈദ്യുതി വാങ്ങാതിരിക്കാനാവില്ല. ആ സമയത്ത് ഉയർന്ന വിലയ്ക്കു വാങ്ങി കുറഞ്ഞ തുകയ്ക്കു വിൽക്കുന്നുവെന്നാണു ബോർഡിന്റെ പയ്യാരം പറച്ചിൽ. വാങ്ങുന്നതിനേക്കാൾ കൂടുതൽ ഇപ്പോൾ വിൽക്കുന്ന ബോർഡിന് വൈദ്യുതി വിതരണം ചെയ്യുന്നതിന്റെ പേരിൽ വലിയ നഷ്ടമൊന്നുമില്ല. നഷ്ടം വരുന്നതു വേറെ വഴിക്കാണ്. കുടിശ്ശികക്കാരിൽനിന്നു പിരിച്ചെടുക്കാനുള്ള കോടികൾ, ബോർഡിന്റെ ധൂർത്ത്, ശമ്പള, പെൻഷൻ ചെലവുകൾ എന്നിവ കാലാകാലങ്ങളായി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവച്ച് ബോർഡ് ചാർജ് വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
സമരവും പ്രതിഷേധവും വേണ്ടത് ഇപ്പോൾ
ചാർജ് വർധന നിലവിൽ വരുമ്പോൾ സമരങ്ങൾ ഉണ്ടാവും. ചാർജ് വർധിപ്പിച്ചതിനു ശേഷം സമരം ചെയ്യാനിരിക്കുന്നവർ റെഗുലേറ്ററി കമ്മിഷൻ ഹിയറിങ്ങിനു വിളിക്കുമ്പോൾ പോയി നാലക്ഷരം പറഞ്ഞാൽ ജനത്തിനു മേലുള്ള ഇൗ അധിക ബാധ്യത കുറയ്ക്കാനാവും. ഇക്കാര്യത്തിൽ ജനങ്ങളുടെ എതിർപ്പ് എന്താണ് എന്നെങ്കിലും, തീരുമാനമെടുക്കേണ്ട റെഗുലേറ്ററി കമ്മിഷനെ ബോധ്യപ്പെടുത്താനാവും.വ്യവസായ സ്ഥാപനങ്ങളും അവരുടെ സംഘടനകളും വ്യാപാരി സംഘടനകളും ഉൾപ്പെടെ കമ്മിഷനു മുന്നിൽ ഹാജരായി അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാറുണ്ട്. എല്ലാൽ ഗാർഹിക ഉപഭോക്താക്കൾക്കു വേണ്ടി സംസാരിക്കാൻ വളരെക്കുറച്ചു പേരേ എത്താറുള്ളു. വിഷയം നന്നായി പഠിച്ച് വൈദ്യുതി നിരക്ക് വർധനയെ എതിർക്കാൻ ആളുണ്ടാവണം. അല്ലെങ്കിൽ തീരുമാനം ഏകപക്ഷീയമാകും. നിരക്കു വർധിപ്പിച്ചതിനു ശേഷമുള്ള പ്രസ്താവനകളല്ല, നിരക്കു വർധിപ്പിക്കാതിരിക്കാനുള്ള ചെറുത്തുനിൽപ്പാണ് ആവശ്യം.
ഏതെടുത്താലും പണി!
വൈദ്യുതി വിൽപനയിലൂടെ പ്രതിദിനം 71.50 ലക്ഷം രൂപ നഷ്ടമുണ്ടെന്നു ബോർഡ് പറയുന്നു. 2019–20ൽ നഷ്ടം 12,104 കോടി രൂപ. അതിനു മുൻപത്തെ നഷ്ടം താരിഫിൽ ഉൾപ്പെടുത്തി പിരിച്ചെടുക്കാൻ അനുമതി നൽകിയിട്ടില്ല. മൊത്തം 3200 കോടി രൂപയുടെ കുടിശ്ശികയുണ്ട്. ഇതിൽ 1200 കോടി രൂപ സർക്കാർ കുടിശ്ശിക. വാട്ടർ അതോറിറ്റി മാത്രം 817 കോടി തരാനുണ്ട്. പെൻഷൻ ബാധ്യത 12,419 കോടി...



Author Coverstory


Comments (0)