ഒണ്ടി വീരനെയും നമ്മള്‍ തിരിച്ചറിയുന്നു ; കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാമ്പിലൂടെ
ചരിത്രം നമ്മെ പഠിപ്പിക്കാത്ത, അല്ലെങ്കില്‍ ഭാവി ഭാരതം അറിയരുതെന്ന് ആഗ്രഹിച്ച് യഥാര്‍ത്ഥ ചരിത്രം മറച്ച് വച്ച് ചരിത്രത്തിന്റെ മറവില്‍ കിടന്ന സ്വാതന്ത്ര്യ സമരസേനാനി ഒണ്ടിവീരന്റെ 251-മത് ചരമവാര്‍ഷികം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ സ്റ്റാമ്പ് പുറത്തിറക്കി. നമ്മളും ആദ്യമായാണ് ഈ പേര് കേള്‍ക്കുന്നത്. അന്വേഷിച്ചു നോക്കിയപ്പോള്‍ ഭാരതത്തിലെ ആദ്യകാല സ്വാതന്ത്ര്യ സമരസേനാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. ദളിതന്‍ ആയതുകൊണ്ടും, ഇന്ത്യയിലെ പാഠപുസ്തകങ്ങള്‍ക്ക് ചരിത്രം എത്തിച്ചു കൊടുക്കുന്ന ഫാക്ടറികള്‍ക്ക് അദ്ദേഹത്തെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാതെ പോയതുകൊണ്ടുമെല്ലാം രാജ്യം അറിയാ തെ പോയൊരു ധീരനായിരുന്നു അദ്ദേഹം.
1755 ഇല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്നും ഇരുപതിനായിരം രൂപ വാങ്ങി ആര്‍ക്കോട്ട് നവാബ് തമിഴ്നാട്ടിലെ രാജാക്കന്മാരില്‍ നിന്നും കപ്പം പിരിക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെ അനുവദിച്ചു. ഇതേ തുടര്‍ന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വമ്പന്‍ സൈനീക വ്യൂഹം തമിഴ്നാട്ടിലെ തെന്മലയില്‍ തമ്പടിച്ചു. എന്നാല്‍ തിരുനെല്‍വേലിയിലെ രാജാവായിരുന്ന പുലിത്തേവന്‍ കപ്പം കൊടുക്കാന്‍ വിസമ്മതിച്ചു. ബ്രിട്ടീഷ് സൈനീ കത്താവളത്തില്‍ സൂക്ഷിച്ചിട്ടുള്ള ആര്‍ക്കോട്ട് നവാബിന്റെ വാള്‍, കുതിര, പെരുമ്പറ എന്നിവ കയ്യടക്കാന്‍ സാധിച്ചാല്‍ പുലിത്തേവന്‍ കപ്പം നല്‍കേണ്ടതില്ല എന്ന് ബ്രിട്ടീഷ് സൈന്യാധിപന്‍ ഒരു സന്ദേശം അയച്ചു. വെല്ലുവിളി സ്വീകരിച്ച പുലിത്തേവനും കൂട്ടരും ബ്രിട്ടീഷ് സൈനീക താവളം ആക്രമിച്ച് ഇവ മൂന്നും സ്വന്തമാക്കിയെന്നു മാത്രമല്ല, ആയുധങ്ങള്‍ നഷ്ടപ്പെട്ട വെള്ളക്കാര്‍ക്ക് ആ താവളം പോലും നഷ്ടപ്പെട്ടു. എന്നാല്‍ ഈ തോല്‍വി പുലിത്തേവനോടും അദ്ദേഹത്തിന്റെ പടത്തലവനായ ഒണ്ടിവീരനോടും ബ്രിട്ടീഷ് ഭരണകൂടത്തിന് പകയുണ്ടാകാന്‍ കാരണമാവുകയും തമ്മില്‍ യുദ്ധങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. പിന്നീട് ഇരുസേനകളും തമ്മില്‍ പതിനൊന്നു തവണ ഏറ്റുമുട്ടിയെങ്കിലും ബ്രിട്ടീഷ് സേനയ്ക്ക് വിജയം അകലെയായിരുന്നു. എന്നാല്‍ ഇക്കാലത്തിനിടെ ഒരു തവണ പുലിത്തേവന്റെ കൊട്ടാരത്തില്‍ കയറിയ ബ്രിട്ടീഷ് സേന അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയി തലവെട്ടുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷവും ഒണ്ടിവീരനും കൂട്ടരും കീഴടങ്ങാതെ പോരാട്ടം തുടര്‍ന്നു. തുടര്‍ച്ചയായ യുദ്ധങ്ങളും മുറിവുകളും ഒണ്ടിവീരന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. പതിനൊന്നാമത്തെ യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു എങ്കിലും, അദ്ദേഹത്തിന്റെ സൈന്യം വിജയിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ യുദ്ധനൈപുണ്യം മൂലം ഒണ്ടിവീരന്‍ പകിട എന്നൊരു വിളിപ്പേരും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മഹാവീരന്‍ എന്നര്‍ത്ഥം വരുന്ന മാവീരന്‍ എന്ന വിശേഷണം നല്‍കിയും അദ്ദേഹത്തെ വിളിക്കുന്നുണ്ട്. ദളിത് വിഭാഗമായ അരുന്ധതിയാര്‍ സമുദായക്കാരനായ അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത സമുദായക്കാര്‍ നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായി തമിഴ്നാട് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സ്മാരകം നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹം വീരചരമം പ്രാപിച്ച ഇടത്ത് ഒരു ക്ഷേത്രവും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
Comments (0)