ലോകനേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി ; റഷ്യ-യുക്രെയ്ന്‍ പ്രശ്‌നം തീര്‍ക്കാന്‍ നിര്‍ദ്ദേശവുമായി മെക്‌സിക്കോ

ലോകനേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി ; റഷ്യ-യുക്രെയ്ന്‍ പ്രശ്‌നം തീര്‍ക്കാന്‍ നിര്‍ദ്ദേശവുമായി മെക്‌സിക്കോ

ന്യൂയോര്‍ക്ക് : റഷ്യ-യുക്രൈയ്ന്‍ യുദ്ധത്തിന് അവസാനമുണ്ടാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടുന്ന യുഎന്‍ സമിതി രൂപവത്കരിക്കണമെന്ന ആവശ്യവുമായി മെക്‌സിക്കോ. സമാധാന ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെയുള്ള ഒരു കമ്മറ്റി രൂപീകരിക്കാനാണ് മെക്സികോ ഐക്യരാഷ്ട്രസഭയോട് നിര്‍ദ്ദേശിച്ചത്. ഇന്നലെ ന്യൂയോര്‍ക്കില്‍ യുക്രെയ്നുമായി ബന്ധപ്പെട്ട യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ മെക്‌സിക്കോയുടെ വിദേശകാര്യ മന്ത്രി മാര്‍സെലോ ലൂയിസ് എബ്രാര്‍ഡ് കാസൗബോണാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. സമാധാനം കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമൂഹം ഏറ്റവും മികച്ച ശ്രമങ്ങള്‍ നടത്തണമെന്ന് മെകസികോ വിശ്വസിക്കുന്നു.ഇതുമായി ബന്ധപ്പെട്ട്,മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ നിര്‍ദ്ദേശം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.യുക്രൈയിനിലെ സമാധാനത്തിന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയും നരേന്ദ്രമോദിയും യുഎന്‍ സെക്രട്ടറി ജനറലും ഉള്‍പ്പെടെയുള്ള ഒരു കമ്മറ്റി രൂപീകരിക്കണം എന്നായിരുന്നു മെക്സികോയുടെ വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം. യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക,ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക,തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യമാകേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഈ സമിതിയെ പിന്തുണയ്ക്കണമെന്ന് മെക്‌സിക്കോ ആവശ്യപ്പെട്ടു.
ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനോട് പറഞ്ഞിരുന്നു. വിവിധ രാഷ്ട്രങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും മോദിയെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൈനിക നടപടികള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പുടിന്‍ വ്യക്തമാക്കിയിരുന്നു. ഉസ്ബെകിസ്ഥാനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് അറിയിച്ചത്. ലോകത്തെ പല പ്രമുഖ മാദ്ധ്യമങ്ങളും പ്രധാനമന്ത്രിയുടെ നിലപാടിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.