സംസ്‌കൃത സര്‍വ്വകലാശാലയില്‍ അക്കാദമിക് റൈറ്റിംഗില്‍ പ്രഥമ ശില്പശാല ആഗസ്റ്റ് 10ന്
കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ അക്കാദമിക് റൈറ്റിംഗിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെവലപ്‌മെന്റ് പ്ലാനിന്റെ ഭാഗമായി ഭാഷാവിവര്‍ത്തനം, അക്കാദമിക് റൈറ്റിംഗ് എന്നീ വിഷയങ്ങള്‍ വിദഗ്ധ പരിശീലനം ലക്ഷ്യമാക്കി അധ്യാപകര്‍ക്കായി ശില്പശാലകള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10 രാവിലെ 10ന് കാലടി മുഖ്യ ക്യാമ്പസിലെ അക്കാദമിക് ബ്ലോക്കില്‍ സംഘടിപ്പിക്കുന്ന പ്രഥമ ശില്പശാലയില്‍ സാഹിത്യ വിവര്‍ത്തകയും മലയാളം സര്‍വ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറുമായ ഡോ. ഇ. വി. ഫാത്തിമ ക്ലാസ്സുകള്‍ നയിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം. വി. നാരായണന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിക്കും. ഡോ. ശീതള്‍ എസ്. കുമാര്‍, ഡോ. കെ. എല്‍. പത്മദാസ് എന്നിവര്‍ പ്രസംഗിക്കും. ശില്പശാല വൈകിട്ട് നാലിന് സമാപിക്കും. മൂന്ന് ഘട്ടങ്ങളിലായി ഈ വര്‍ഷം സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളില്‍ ആദ്യ ശില്പശാലയാണിത്. തുടര്‍ന്നുളള ശില്പശാലകള്‍ നയിക്കുന്നത് ന്യൂഡല്‍ഹി അശോക സര്‍വ്വകലാശാലയിലെ സംസ്‌കൃത അധ്യാപകന്‍ ഡോ. നരേഷ് കീര്‍ത്തി നാരായണന്‍, വിയന്ന സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വ്വകലാശാലയിലെ അധ്യാപകന്‍ ഡോ. സഞ്ജയ് കുമാര്‍ എന്നിവരായിരിക്കും. കേന്ദ്രീകൃതമായ അക്കാദമിക് റൈറ്റിംഗ് പരിശീലന സംവിധാനമാണ് ഈ ശില്പശാലകളിലൂടെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിലവില്‍ വരുന്നത്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ഇത്തരം പരിശീലന സംവിധാനം ഇദംപ്രഥമമാണെന്ന് സെന്റര്‍ ഫോര്‍ അക്കാദമിക് റൈറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശീതള്‍ എസ്. കുമാര്‍ അറിയിച്ചു.



Editor CoverStory


Comments (0)