ഇന്ത്യയും ബംഗ്‌ളാദേശും 7കരാറുകളില്‍ ഒപ്പിട്ടു
ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷത്തിനകം ഇന്ത്യയും ബംഗ്‌ളാദേശും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്നും ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനംലഭിക്കുന്ന വിധത്തില്‍ വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പരസ്പര വിശ്വാസത്തെ ശിഥിലമാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കെതിരെ ഒന്നിച്ച് പോരാടുമെന്നും മോദി പറഞ്ഞു. ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുനേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ 7 സുപ്രധാന കരാറുകള്‍ ഒപ്പിടുകയും സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഹസീന ഇന്നലെ രാവിലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തി. ഹസീനയുടെ നേതൃത്വത്തില്‍ ഏറെ മുന്നേറി ബംഗ്‌ളാദേശ് ഇന്ത്യയുമായുള്ള സഹകരണവും അതിവേഗം മെച്ചപ്പെടുത്തി. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വികസന-വ്യാപാര പങ്കാളിയാണ്. സാംസ്‌കാരിക ബന്ധവും ജനങ്ങളുടെ അടുപ്പവും വര്‍ദ്ധിച്ചു. ഇത് വ്യാപാര സൗകര്യങ്ങള്‍ വികസിപ്പിക്കാനും സമ്ബദ്വ്യവസ്ഥകളെ ഉത്തേജിപ്പിക്കാനും പ്രയോജനപ്പെടും. ബംഗ്ലാദേശ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ വിപണി ഉറപ്പാക്കും. ഐ.ടി, ബഹിരാകാശം, ആണവോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. കാലാവസ്ഥാ വ്യതിയാനം, സുന്ദര്‍ബന്‍സ് അടക്കമുള്ള പൊതു പൈതൃകം സംരക്ഷിക്കല്‍ എന്നിവയില്‍ തുടര്‍ന്നും സഹകരിക്കും.ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച മൈത്രി തെര്‍മ്മല്‍ പവര്‍ പ്ലാന്റ് ബംഗ്ലാദേശില്‍ വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കുമെന്നും കുശിയാര നദിയിലെ ജലം പങ്കിടല്‍ കരാര്‍ തെക്കന്‍ അസാമിനും ബംഗ്ലാദേശിലെ സില്‍ഹട്ട് മേഖലയ്ക്കും ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. പ്രളയ നിയന്ത്രണവും അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടികളും ചര്‍ച്ച ചെയ്തു.
7 കരാറുകള്‍: അതിര്‍ത്തിയിലൂടെ ഒഴുകുന്ന കുശിയാര നദിയില്‍ നിന്ന് ജലം പങ്കിടല്‍, ബംഗ്ലാദേശ് റെയില്‍വേ ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ പരിശീലിപ്പിക്കല്‍, ബംഗ്‌ളാദേശ് റെയില്‍വേയ്ക്കുള്ള ഐ.ടി സഹായം, ബംഗ്ലാദേശ് ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം, ശാസ്ത്ര സാങ്കേതിക സഹകരണം, ബഹിരാകാശ സാങ്കേതികവിദ്യയുടെ മേഖലകളിലെ സഹകരണം, പ്രസാര്‍ ഭാരതിയും ബംഗ്ലാദേശ് ടെലിവിഷനും തമ്മില്‍ സഹകരണം
ഇരുപ്രധാനമന്ത്രിമാരും സംയുക്തമായി ഉദ്ഘാടനം ചെയ്ത പദ്ധതികള്‍:
1. ഖുല്‍നയിലെ രാംപാലില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച 1320 മെഗാവാട്ട് മൈത്രി കല്‍ക്കരി താപവൈദ്യുത നിലയത്തിന്റെ അനാച്ഛാദനം.പ്‌ളാന്റിന് 160 കോടി യു.എസ് ഡോളറിന്റെ ഇന്ത്യന്‍ വികസന സഹായം.
2. 64.7 കി.മീ ദൈര്‍ഘ്യമുള്ള ഖുല്‍ന-മോംഗ്ല തുറമുഖ സിംഗിള്‍ ട്രാക്ക് ബ്രോഡ് ഗേജ് റെയില്‍ പദ്ധതിയുടെ ഒരു പ്രധാന ഭാഗമായ 5.13 കി.മീ ദൈര്‍ഘ്യമുള്ള രൂപ്ഷ റെയില്‍പ്പാലം ഉദ്ഘാടനം. മോംഗ്ലാ തുറമുഖത്തെ ഖുല്‍നയുമായി ബന്ധിപ്പിക്കുന്ന പാതയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കും യാത്രാ സൗകര്യം.
3. ബംഗ്ലാദേശ് റോഡ് ആന്‍ഡ് ഹൈവേയ്‌സ് വകുപ്പിന് റോഡ് നിര്‍മ്മാണ ഉപകരണങ്ങളും യന്ത്രസാമഗ്രികളും വിതരണം ചെയ്യല്‍ പദ്ധതി
4. ഇന്ത്യാ-ബംഗ്‌ളാദേശ് അതിര്‍ത്തിയിലെ ഗെഡെ-ദര്‍ശനയിലെ നിലവിലെ പാതയെ ഖുല്‍നയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പാതയുടെ നവീകരണം. ഇന്ത്യയില്‍ നിന്ന് ധാക്കയിലേക്കും ഭാവിയില്‍ മോംഗ്ല തുറമുഖത്തേക്കും കണക്ടിവിറ്റി.
5. പര്‍ബതിപൂര്‍-കൗനിയ മീറ്റര്‍ ഗേജ് പാത ഡ്യുവല്‍ ഗേജ് പദ്ധതിയാക്കല്‍: ബിറോള്‍ (ബംഗ്ലാദേശ്)-രാധികാപൂര്‍ (പശ്ചിമ ബംഗാള്‍) എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാത അതിര്‍ത്തിയിലെ കണക്ടിവിറ്റി വിപുലമാക്കും.
Comments (0)