ബന്ധുക്കൾക്ക് മാത്രമായി സഖാക്കളുടെ ഭരണം
കോഴിക്കോട്; സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെയെന്ന് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ. കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്ധരും ചേർന്ന് വിസിക്കും രജിസ്ട്രാർക്കും കത്ത് നൽകി.
ഡോ. ഉമർ തറമേലിന് പുറമെ കെഎം ഭരതൻ, പി പവിത്രൻ എന്നിവരാണ് കത്ത് നൽകിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് ഡോ. ഉമർ തറമേൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട കുറിപ്പോടെയാണ് സംഭവം വിവാദമായത്.
റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേൽ സബ്ജക്ട് എക്സ്പർട്ടായി നിയമനപ്രക്രിയകളിൽ പങ്കെടുക്കാനില്ലെന്നുമായിരുന്നു ഡോ. ഉമർ തറമേൽ ഫേസ്ബുക്കിൽ കുറിച്ചത്. നിനിതയേക്കാൾ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് നിനിതയ്ക്ക് നിയമനം നൽകിയതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
പി എസ് സി നടത്തിയ എഴുത്ത് പരീക്ഷയിൽ 212ആം റാങ്ക് മാത്രമുണ്ടായിരുന്ന നിനിതക്ക് നിയമനം ലഭിച്ചത് യോഗ്യരായ മറ്റുള്ളവരെ തഴഞ്ഞാണ് എന്നത് വ്യക്തമാണ്.
Comments (0)