ബാങ്കുകള്‍ അനുവദിക്കുന്നത് 65.5 ശതമാനം വായ്പകള്‍ മാത്രം

ബാങ്കുകള്‍ അനുവദിക്കുന്നത് 65.5 ശതമാനം വായ്പകള്‍ മാത്രം

കൊല്ലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഴി നടപ്പിലാക്കുന്ന ധനസഹായ പദ്ധതികളെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വകുപ്പുകളും ബാങ്കുകളും ശ്രദ്ധിക്കണമെന്ന് കളക്ടറുടെ നിര്‍ദേശം. ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലായിരുന്നു ഇത്.

ജില്ലയിലെ ബാങ്കുകളില്‍ സെപ്റ്റംബര്‍ വരെയുള്ള നിക്ഷേപം 40337 കോടി രൂപയാണ്. 26425 കോടി രൂപയാണ് വായ്പയായി നല്‍കിയത്. വായ്പയുടെ അനുപാതം 65.5 ശതമാനം. ജില്ലയിലെ ബാങ്കുകള്‍ മുന്‍ഗണന വിഭാഗത്തില്‍ നല്‍കിയ വായ്പ 6304 കോടി രൂപയാണ്. ഇതില്‍ കാര്‍ഷിക മേഖലയില്‍ 3700 കോടിയും ചെറുകിട വ്യവസായ മേഖലയില്‍ 1309 കോടിയും ഇതര മേഖലയില്‍ 1295 കോടി രൂപയുമാണ് വിതരണം ചെയ്തത്. നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ നബാര്‍ഡ് നിര്‍ദ്ദേശിച്ച 10011 കോടി രൂപയില്‍ 63 ശതമാനവും ബാങ്കുകള്‍ ഈ കാലയളവിനുള്ളില്‍ നല്‍കിയതായി ലീഡ് ബാങ്ക് മാനേജര്‍ റീന ചാക്കോ യോഗത്തില്‍ അറിയിച്ചു.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ബാങ്കുകള്‍ വഴി നല്‍കിയ ധനസഹായങ്ങള്‍ യോഗം വിലയിരുത്തി. ലോണുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളില്‍ നിന്നുള്ള പരാതികള്‍ പരിശോധിക്കുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം നടന്നത്. കോവിഡ് മൂലം സാമ്ബത്തികമാന്ദ്യം അനുഭവിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധികള്‍ മറികടക്കുന്നതിന് ബാങ്കുകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്ക് ലോണുകള്‍ അനുവദിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. പൂയപ്പള്ളി, പൂതക്കുളം, ചിതറ, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ കൂടുതല്‍ ബ്രാഞ്ചുകളും എടിഎമ്മുകളും സ്ഥാപിക്കണമെന്നും കേന്ദ്ര കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട് ബാങ്കുകള്‍വഴി ജില്ലയില്‍ അനുവദിച്ച ധനസഹായങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍ ബീന റാണി, ആര്‍ബിഐ പ്രതിനിധി ഹരിദാസ്, ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജയന്‍, നബാര്‍ഡ് പ്രതിനിധി സെബിന്‍ ആന്റണി, വിവിധ വകുപ്പുതല മേധാവികള്‍, ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.