യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗുകള്‍ കസ്റ്റംസ് തുറന്ന് പരിശോധിക്കും : അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗുകള്‍ കസ്റ്റംസ് തുറന്ന് പരിശോധിക്കും : അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി : തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബിയുടെ ബാഗുകള്‍ കസ്റ്റംസ് ഇന്ന് തുറന്ന് പരിശോധിക്കും. ജമാല്‍ അല്‍ സാബി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും സാധനങ്ങളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചാകും പരിശോധിക്കുക. പരിശോധനകള്‍ വീഡിയോയില്‍ പകര്‍ത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരുവനന്തപുരത്തുള്ള സാധനങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ സാബി കേന്ദ്ര സര്‍ക്കിരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പരിശോധന നടത്താതെ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് കസ്റ്റംസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസിന് പരിശോധന നടത്താന്‍ അനുമതി നല്‍കി.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടുന്നതിന് മുന്‍പ് ഇയാള്‍ യുഎഇയിലേക്ക് മടങ്ങിയിരുന്നു. ജമാല്‍ അല്‍ സാബിയും, അഡ്മിനിസ്‌ട്രേഷന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷെമേലിയും ചേര്‍ന്ന് ഇന്ത്യന്‍ രൂപ കറന്‍സിയിലേക്ക് മാറ്റി വിദേശത്തേയ്ക്ക് ഒളിപ്പിച്ച്‌ കടത്തിയതായി സൂചന ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച്‌ റിപ്പോര്‍ട്ടിലും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍സല്‍ ജനറലിന്റെ പങ്കാളിയാണ് കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെന്ന് സ്വപ്‌ന സുരേഷും വെളിപ്പെടുത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ സഹായത്തോടെ ഖാലിദ് 1.90 ലക്ഷം ഡോളര്‍ മസ്‌കത്ത് വഴി കെയ്‌റോയിലേക്കു കടത്തിയിരുന്നു. ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും പ്രതിയാണ്.