കാലടി സര്‍വകലാശാലയില്‍ ഇടത് സംഘടനാ നേതാവിനായി പുതിയ തസ്തിക സൃഷ്ടിക്കാന്‍ നീക്കം
കൊച്ചി : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഇടതു സംഘടനാ നേതാവിനെ നിയമിക്കാന്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നടത്തിയ നീക്കം പുറത്ത്. ലൈബ്രറി റഫറന്‍സ് അസിസ്റ്റന്റായി വിരമിക്കുന്ന ആളിന് പുതിയ താവളം ഒരുക്കാനായിരുന്നു നീക്കം. നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിനു പിന്നാലെയാണ് രണ്ടുവര്‍ഷം മുന്‍പ് കാലടി സര്‍വകലാശാലയില്‍ തുടങ്ങിയ മറ്റൊരു നിയമന നീക്കത്തിന്റെ അണിയറക്കഥ പുറത്തുവരുന്നത്. നിലവിലുള്ള സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തിക ഒഴിവാക്കി പുതിയ തസ്തിക സൃഷ്ടിക്കാനാണ് 2018-ല്‍ നീക്കം തുടങ്ങിയത്. ഡയറക്ടര്‍ ഓഫ് പബ്ലിക്കേഷന്‍സ് എന്ന പേരും നല്‍കി. ഏപ്രില്‍ മാസം വിരമിക്കേണ്ട ഇടതു സംഘടനാ നേതാവിന് പുതിയ താവളം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് ആരോപണം.
എന്നാല്‍ ഇങ്ങനെ ഒരു നീക്കം നടന്നിട്ടില്ലെന്നായിരുന്നു കാലടി സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രതികരണം. അതേസമയം വി.സിയുടെ പ്രതികരണം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായും ഗവര്‍ണറുമായും സര്‍വകലാശാല പലവട്ടം നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകളാണ് ഇവ. ആദ്യ കത്ത് 2019 ഫെബ്രുവരി രണ്ടിനായിരുന്നു. എന്നാല്‍ അധിക സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ തസ്തിക അംഗീകരിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമപ്രകാരമുള്ള അപേക്ഷയല്ലാത്തതിനാല്‍ 2019 ഒക്ടോബറില്‍ ഗവര്‍ണറും ആവശ്യം നിരസിച്ചു.
എന്നാല്‍ സര്‍വകവലാശാല നീക്കം ഉപേക്ഷിച്ചില്ല. 2020 സെപ്റ്റംബറില്‍ വീണ്ടും സര്‍വകലാശാല സര്‍ക്കാരിനെ സമീപിച്ചു. ഇത്തവണ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അപേക്ഷ ഇതുവരെ തള്ളിയിട്ടുമില്ല. അനധികൃത നിയമനത്തിന്റെ പേരില്‍ കാലടി സര്‍വകാലാശാലയില്‍ പ്രതിഷേധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഒരിക്കല്‍ നിരസിച്ച തസ്തികയിലെ നിയമനത്തിന് സര്‍വകലാശാല വീണ്ടും നടത്തിയ നീക്കങ്ങള്‍ പുറത്തുവരുന്നത്.
Comments (0)