മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ വാഹനം നിർത്താതെ പോയാൽ എട്ടിന്റെ പണി…
കോട്ടയം: കൂളിംഗ് ഫിലിമുകളും കർട്ടനുകളും നീക്കം ചെയ്യാതെ നിരത്തിലിറങ്ങി മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തുന്ന പരിശോധനയിൽ വാഹനം നിർത്താതെ കടന്നു കളഞ്ഞാൽ രക്ഷപ്പെട്ടെന്നു ചിന്തിക്കേണ്ട. പിന്നാലെ വരും ശിക്ഷാ നടപടികൾ.
ഇ-പോസ് മെഷീൻ ഉപയോഗിച്ച് നടത്തുന്ന പരിശോധനയിൽ ഫോട്ടോയിൽ തെളിവ് ലഭിക്കുന്ന കുറ്റങ്ങൾക്ക് വാഹനം തടഞ്ഞുനിർത്തേണ്ടതില്ല.
ഓപ്പറേഷൻ സ്ക്രീനിൽ കുറ്റം കണ്ടുപിടിക്കപ്പെട്ടാൽ വാഹന ഉടമയുടെ മൊബൈൽ ഫോണിൽ എസ്എംഎസ് മാത്രമേ ലഭിക്കൂ. ഇ-ചെല്ലാൻ സംവിധാനത്തിലൂടെ എസ്എംഎസ് വഴിയുള്ള പിഴയാണത്.
ഹൈക്കോടതി വിധിയുടെ പശ്ചത്താലത്തിലായിരുന്നു മിന്നൽ പരിശോധന. ഇന്നലെ ജില്ലയിൽ നടത്തിയ മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീനിൽ 84 വാഹനങ്ങളാണ് കുടുങ്ങിയത്.
കൂളിംഗ് ഫിലിം പതിച്ച 71 വാഹനങ്ങളും കർട്ടനുകളിട്ട 13 വാഹനങ്ങളും പിടിക്കപ്പെട്ടു. വാഹന ഉടമകളിൽ നിന്നും പിഴയും ഈടാക്കി.
വാഹനങ്ങളുടെ പിന്നിലെയും വശങ്ങളിലെയും ഗ്ലാസുകൾ കൂളിംഗ് ഫിലിമും കർട്ടനുമുപയോഗിച്ച് മറയ്ക്കുന്നത് കുറ്റകരമാണ്.
ഇസഡ് കാറ്റഗറിയുള്ളവർക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. യാതൊരുവിധ കൂളിംഗ് ഫിലിമുകളോ വിൻഡോ കർട്ടനുകളോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.
നിയമലംഘനം നടത്തി ആദ്യം പിടിക്കപ്പെട്ടാൽ 250രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്. നിയമലംഘനം ആവർത്തിച്ചാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ് നീങ്ങും.
മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് വിഭാഗം ആറു സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
Comments (0)