എസ്.വി. പ്രദീപിന്റെ മരണം; രണ്ടു ബൈക്കുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു; ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച്‌ അന്വേഷണ സംഘം

എസ്.വി. പ്രദീപിന്റെ മരണം; രണ്ടു ബൈക്കുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു; ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച്‌ അന്വേഷണ സംഘം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച്‌ പോലീസ്. എന്നാല്‍, അപകട സമയത്ത് അതുവഴി കടന്നു പോയ രണ്ടു ബൈക്കുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. അപകടത്തിന് ഈ വാഹനങ്ങള്‍ കാരണമായോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

അതേസമയം, എസ്.വി.പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രത്യക്ഷ സമര പരിപാടിയിലേക്ക്. ആദ്യ ഘട്ടം എന്ന നിലയില്‍ പ്രദീപിന്റെ അമ്മ ആര്‍ വസന്ത കുമാരി ഇന്ന് സെക്രട്ടേറിയറ്റ് നടയില്‍ രാവിലെ 10 മുതല്‍ സത്യാഗ്രഹം അനുഷ്ടിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ സമരം ഉദ്ഘാടനം ചെയ്യും. ഒ രാജഗോപാല്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കന്‍വീനര്‍ കെ എം ഷാജഹാന്‍ അറിയിച്ചു.

ഒന്നര മാസം മുന്‍പ് കാരയ്ക്കാമണ്ഡപത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തിലാണ് പ്രദീപ് കൊല്ലപ്പെടുന്നത്. അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന വാഹനം കസ്റ്റഡിയെടുക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. മാത്രവുമല്ല ഇത് സ്വാഭാവിക അപകടമല്ലെന്നും നിരവധി സംശയങ്ങള്‍ ഉണ്ടെന്നും പ്രദീപിന്റെ അമ്മയും ഭാര്യയും ആവര്‍ത്തിച്ച്‌ പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കാനോ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പൊതുസമൂഹത്തിന്റെയും സംശയം ദൂരീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേരത്തേ ആരോപിച്ചിരുന്നു.