ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത സതീഷ് ചൊള്ളാനിയുടെ പൊള്ളത്തരം തുറന്നുകാട്ടും ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത സതീഷ് ചൊള്ളാനിയുടെ പൊള്ളത്തരം തുറന്നുകാട്ടും ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത പാലായിലെ കോണ്‍ഗ്രസ് നേതാവ് സതീഷ് ചൊള്ളാനിയുടെ നടപടി ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്ന് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. പാലാ നിയോജക മണ്ഡലം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും പാലാ നഗരസഭയിലെ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സതീഷ് ചൊള്ളാനി പാലാ നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ഉയര്‍ത്തിയ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയിലെ തൊഴുത്തില്‍കുത്തിന് മാധ്യമങ്ങളുടെ തലയില്‍ കേറാന്‍ സതീഷ് ചൊള്ളാനി ശ്രമിക്കേണ്ടതില്ലെന്നും ഇനിയും ഇത്തരം ശ്രമമുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയും നിയന്ത്രണത്തിലുമാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങളായ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പത്രത്താളുകളിലും ടി.വി ചാനലുകളിലും മുഖം പതിഞ്ഞുകാണാന്‍ വെമ്പല്‍ കൊള്ളുന്ന നേതാവ് ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വിലയറിയുന്ന കാലം വിദൂരമല്ലെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ കോട്ടയം മീഡിയ , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്, അഡ്വ. സിബി സെബാസ്റ്റ്യന്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌, സെക്രട്ടറി ചാള്‍സ് ചാമത്തില്‍ സി മീഡിയ, ജോസ് എം.ജോര്‍ജ്ജ് കേരളാ ന്യൂസ് എന്നിവര്‍ പറഞ്ഞു.

വാര്‍ത്താ ചാനല്‍ എന്നപേരില്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരെല്ലാം ഓണ്‍ ലൈന്‍ ന്യൂസ് ചാനലുകളല്ല. എവിടെയെങ്കിലും എന്തെങ്കിലും കണ്ടിട്ട് മുഴുവന്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളെയും അടച്ചാക്ഷേപിക്കുന്നതിനു മുമ്പ് കാര്യങ്ങള്‍ പഠിക്കുവാന്‍ തയ്യാറാകണം. വെറുതെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെമേല്‍ കുതിര കയറാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. കൂടെനിന്ന നേതാക്കന്മാരെയൊക്കെ വെട്ടിനിരത്തി മുകളില്‍ കയറിയ നേതാവിന് ഇപ്പോള്‍ തിമിരം ബാധിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ശരിക്കൊന്നു കണ്ണു തുറന്നാല്‍ പല മുഖമൂടികളും ഇവിടെ അഴിഞ്ഞുവീഴും. പല വാര്‍ത്തകളും മൂടിവെക്കാന്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെയാണ് കൂട്ടുപിടിക്കുന്നത്. എന്നാല്‍ ഇതിന് വഴിപ്പെടാത്ത ഓണ്‍ ലൈന്‍ മാധ്യമങ്ങളെ അവഹേളിക്കുവാനാണ് സതീഷ് ചൊള്ളാനിയെപ്പോലെയുള്ള ഖദര്‍ ധാരികള്‍ ശ്രമിക്കുന്നത്. തങ്ങള്‍ മൂഡസ്വര്‍ഗ്ഗത്തില്‍ ആണെന്ന് വൈകാതെ ഇവര്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. 


സതീഷ് ചൊള്ളാനി പ്രതിപക്ഷ നേതാവെന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്നും ചൊള്ളാനി മാറി വി.സി പ്രിന്‍സ് നേതൃസ്ഥാനത്ത് വരണമെന്നും ജോസഫ് ഗ്രൂപ്പിന്റെ മൂന്നു കൌണ്‍സിലര്‍മാര്‍ പാലായിലെ പ്രതിപക്ഷ കൌണ്‍സിലര്‍മാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗമായ കോട്ടയം മീഡിയാ ആണ് ഈ വാര്‍ത്ത ബ്രേക്ക് ചെയ്തത്. വ്യക്തമായ തെളിവുകളോടെയാണ് ചീഫ് എഡിറ്റര്‍ തങ്കച്ചന്‍ പാലാ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പാലായിലെ മറ്റു മാധ്യമങ്ങള്‍ക്കൊന്നും ഈ വാര്‍ത്ത ലഭിച്ചിരുന്നില്ല. വാര്‍ത്ത വൈറല്‍ ആകുകയും ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

ഇക്കാര്യം ഇന്നലെ നടന്ന കൌണ്‍സില്‍ യോഗത്തില്‍ ഭരണ പക്ഷത്തെ ബൈജു കൊല്ലമ്പറമ്പില്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ അനൈക്യം മറച്ചുവെയ്ക്കാനാണ് ആശയ ദാരിദ്ര്യം മൂലം സമരത്തിന് വേണ്ടി സമരം ചെയ്യുന്നതെന്നും ബൈജു പറഞ്ഞു. ഇക്കാര്യങ്ങള്‍ ഇവിടുത്തെ ഓണ്‍ ലൈനില്‍  വാര്‍ത്തയായി വന്നല്ലോ എന്ന് ബൈജു പറഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് നേതാവ് സതീഷ് ചൊള്ളാനി ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി വന്നത്.

"ഏതെങ്കിലും ഒരു ഓണ്‍ ലൈനില്‍ വാര്‍ത്ത വന്നാല്‍ മാത്രം വിശ്വസിക്കാന്‍  മണ്ടനാണോ ഈ ബൈജു " എന്നാണ് സതീഷ്‌ തിരിച്ചു ചോദിച്ചത്. എന്നാല്‍ ഈ വാര്‍ത്ത സത്യമല്ലേ എന്ന് ബൈജു ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു. സതീഷ് ചൊള്ളാനിയുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ചെയര്‍മാനും ഇടപെട്ടു. ഓണ്‍ ലൈനുകളില്‍ വരുന്ന വാര്‍ത്തകളെല്ലാം സത്യമല്ലെന്നാണോ പറയുന്നതെന്ന് സതീഷ് ചൊള്ളാനിയോട് ചെയര്‍മാന്‍ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. എല്ലാ വാര്‍ത്തയും ശരിയുമല്ല, എല്ലാ വാര്‍ത്തയും തെറ്റുമല്ല എന്ന ആണും പെണ്ണും കെട്ട മറുപടി ചെറുകെ മന്ത്രിച്ച്‌ തടിയൂരുകയായിരുന്നു സതീഷ് ചെയ്തത്.