കോടതിവിധിയിൽ നീതിനിഷേധം; തുല്യനീതി വേണമെന്ന് യാക്കോബായ സഭ

ന്യൂഡൽഹി: കേരളത്തിൽ ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി യാക്കോബായ സഭാ പ്രതിനിധികൾ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചർച്ച നടത്തി. തിങ്കളാഴ്ച ഓർത്തഡോക്സ് വിഭാഗവും പ്രധാനമന്ത്രിയെ കണ്ടിരുന്നു. അതിനിടെ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് യാക്കോബായ സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ചർച്ചയിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്, സിനഡ് സെക്രട്ടറി ഡോക്ടർ തോമസ് മോർ തിമോത്തിയോസ് ഡോക്ടർ കുര്യാക്കോസ് മോർ തെയോഫിലോസ് എന്നിവരെ കൂടാതെ, മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി ടി മുരളീധരൻ എന്നിവരും പങ്കെടുത്തു. ശ്രീധരൻ പിള്ളയേയും മുരളീധരനെയും തുടർചർച്ചയായി പ്രധാനമന്ത്രി ചുമതലപ്പെടുത്തി.

യാക്കോബായ സഭയ്ക്ക് നീതി ലഭിക്കാൻ സാധ്യമായത് ചെയ്യുമെന്നും പ്രധാന മന്ത്രി ഉറപ്പുനൽകിയതായി സഭാ പ്രതിനിധികൾ പറഞ്ഞു. തുല്യ നീതി ഉറപ്പാക്കണം. കോടതിവിധിയിലൂടെ നീതി നിഷേധമാണ് ഉണ്ടായതെന്നും യാക്കോബായ പ്രതിനിധികൾ പ്രധാനമന്ത്രിയെ അറിയിച്ചു.

വിഭാഗങ്ങൾ തമ്മിൽ ഉള്ളത് ആഴത്തിലുള്ള പ്രശ്നമാണെന്ന് തർക്കങ്ങൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ മധ്യസ്ഥത തേടി മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. പ്രശ്നപരിഹാരത്തിനു സഭയ്ക്ക് അകത്തുതന്നെ സമന്യയം ഉണ്ടാകണം. ഇത് സഭാ പ്രതിനിധികളും നിലപാടുകൾ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ചർച്ചയുടെ വിശദാംശങ്ങൾ സഭയിൽ ചർച്ച ചെയ്ത് സമന്യയത്തിന് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻപിള്ള പറഞ്ഞു. വെള്ളിയാഴ്ച മുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ നിരാഹാരസമരം ആരംഭിക്കും എന്നാണ് യാക്കോബായ സഭ പ്രഖ്യാപിച്ചിരിക്കുന്നത്.