ലഹരി ഉപയോഗിക്കുന്നത് ഇനി കുറ്റമല്ല; തടവും പിഴയും ഒഴിവാക്കും’.

ലഹരി ഉപയോഗിക്കുന്നത് ഇനി കുറ്റമല്ല; തടവും പിഴയും ഒഴിവാക്കും’.

  ഇന്ത്യയിൽ ലഹരി ഉപയോഗം ഇനി കുറ്റകരമാകില്ല. വികസിത രാജ്യങ്ങളുടേതിന് സമാനമായി ഇന്ത്യയിലെ ലഹരി തടയല്‍ നിയമം പരിഷ്ക്കരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ലഹരിക്ക് അടിമയായവരെ കുറ്റവാളികളായി കാണാതെ ഇരകളായി കണ്ട് സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുമെന്നാണ് വിവരം.

ചെറിയ അളവില്‍ ലഹരി മരുന്നുമായി പിടിക്കപ്പെടുന്നവരെ ഉപദേശിച്ച് നന്നാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. സ്വന്തം നിലയ്ക്ക് വ്യക്തിപരമായോ, ചെറിയ അളവിലോ ഉപയോഗിക്കുന്നവരെ കുറ്റവാളികളായി കാണില്ല. ഇതിനായി 1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് നിയമം ഭേദഗതി ചെയ്യും.

ചെറിയ അളവില്‍ ലഹരി വസ്തുക്കളുമായി ആദ്യമായാണ് പിടിയിലാകുന്നത് എങ്കില്‍ ലഹരി വിമോചന കേന്ദ്രത്തില്‍ 30 ദിവസത്തെ കൗണ്‍സിലിങ് നല്‍കും. എന്‍ഡിപിഎസ് നിയമത്തിന്‍റെ 27ാം വകുപ്പ് അനുസരിച്ച് നിലവില്‍ ലഹരിമരുന്ന് ഉപയോഗത്തിന് പതിനായിരം രൂപ പിഴയോ, ആറുമാസം തടവോ രണ്ടും ഒരുമിച്ചോ ശിക്ഷ വിധിക്കാം.


 
ഇതിന് പകരം കൗണ്‍സിലിങോ, കടുപ്പം കുറഞ്ഞ ശിക്ഷയോ നല്‍കാനാണ് ഭേഗതി. എന്നാല്‍ ലഹരിമരുന്ന് കടത്ത് തടയാന്‍ കര്‍ശന വ്യവസ്ഥകളുണ്ടാകും. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ക്ക് ശിക്ഷ ഇരട്ടിയാക്കുകയും കര്‍ശനജാമ്യവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. വൈദ്യശാസ്ത്രപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കഞ്ചാവിന് പരിധി നിശ്ചയിക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു.