അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ പുറത്ത് നില്‍ക്കുമ്പോള്‍ സിപിഎം പിന്‍വാതില്‍ നിയമനം നടത്തുന്നു-സിപിഐ
കൊല്ലം : രണ്ടാം പിണറായി സര്‍ക്കാരിനും ധനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം സിപിഐ ജില്ലാ സമ്മേളനം. ഇടത് മുന്നണിയെ പിണറായി വത്കരിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശനം. സിപിഐയ്ക്ക് രണ്ടുവര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണത്തിലെ പല കാര്യങ്ങളും സിപിഐ അറിയുന്നില്ല. കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ നേതാക്കള്‍ ശ്രമിക്കണം. പാര്‍ട്ടിക്ക് മുമ്പ് മുഖ്യമന്ത്രിയുണ്ടായിട്ടുള്ളതാണ്. രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇനി ഉന്നയിക്കണമെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം. ഉണ്ടായിരുന്ന നല്ല വകുപ്പുകളെല്ലാം സിപിഎം പിടിച്ചെടുത്തിരിക്കുകയാണ്. പ്രധാനപ്പെട്ട വകുപ്പുകള്‍ പുതിയതായി ചോദിച്ചുവാങ്ങാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. പലപ്പോഴും സിപിഐ മന്ത്രിമാരുടെ വകുപ്പില്‍ നടക്കുന്ന ഉദ്യോഗസ്ഥ നിയമനം പോലും മന്ത്രിമാര്‍ അറിയുന്നില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും വിമര്‍ശനം ഉയര്‍ന്നു.മുമ്ബുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ല. സര്‍ക്കാരിനേയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്‌നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിനെതിരേയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. വകുപ്പ് തികഞ്ഞ പരാജയമാണെന്നും വിലക്കയറ്റം ഉള്‍പ്പെട രൂക്ഷമാകുമ്പോള്‍ അത് പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും ഭക്ഷ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍. അതേസമയം ജിഎസ്ടി കൗണ്‍സിലില്‍ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ച ശേഷം തിരികെ കേരളത്തില്‍ വന്ന് തീരുമാനങ്ങളെ എതിര്‍ത്തുവെന്ന് മാറ്റി പറയുകയാണ് ധനമന്ത്രിയെന്നും കെ.എന്‍. ബാലഗോപാലിനെതിരേയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇടത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല അധിക സുരക്ഷയെന്നാണ് വിമര്‍ശനം. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ പുറത്ത് നില്‍ക്കുമ്പോള്‍ സിപിഎം പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.



Editor CoverStory


Comments (0)