സമ്പൂര്‍ണ സംസ്ഥാന പദവി, ഭൂമിയുടെ അവകാശം, സ്വദേശി താമസത്തിനുള്ള തൊഴില്‍ എന്നിവ പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ-ഗുലാംനബി ആസാദ്
ശ്രീനഗര്‍ : കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയത് ഞാനടക്കമുള്ളവരുടെ രക്തം കൊണ്ടാണെന്നും അല്ലാതെ കമ്പ്യൂട്ടറും ട്വിറ്ററും ഉപയോഗിച്ചല്ലെന്നും കോണ്‍ഗ്രസ് വിട്ട ഗുലാംനബി ആസാദ്. പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിട്ട് ജമ്മു കശ്മീര്‍ സൈനിക് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയത് ഞാനടക്കമുള്ളവരുടെ രക്തം കൊണ്ടാണ്, അല്ലാതെ കമ്പ്യൂട്ടറും ട്വിറ്ററും ഉപയോഗിച്ചല്ല. അവര്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കമ്പ്യൂട്ടറിലും ട്വിറ്ററിലും ഒതുങ്ങിക്കൂടിയത് കൊണ്ടാണ് കോണ്‍ഗ്രസിനെ മൈതാനങ്ങളില്‍ കാണാതാകുന്നത്' ഗുലാം നബി പറഞ്ഞു.
പാര്‍ട്ടിയുടെ പേര് തീരുമാനിച്ചിട്ടില്ലെന്നും ജമ്മു കശ്മീരിലെ ജനങ്ങള്‍ പാര്‍ട്ടിയുടെ പേരും പതാകയും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു ഹിന്ദുസ്ഥാനി പേര് ഞാന്‍ എന്റെ പാര്‍ട്ടിക്ക് നല്‍കും. സമ്പൂര്‍ണ സംസ്ഥാന പദവി, ഭൂമിയുടെ അവകാശം, സ്വദേശി താമസത്തിനുള്ള തൊഴില്‍ എന്നിവ പുനഃസ്ഥാപിക്കുന്നതില്‍ തന്റെ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍ ജനക്കൂട്ടമാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. നാല് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം കഴിഞ്ഞയാഴ്ചയാണ് ഗുലാം നബി ഉപേക്ഷിച്ചത്.
Comments (0)